മദനിക്ക് വധഭീഷണി; രാഷ്ട്രീയ നാടകമാണെന്ന് ആരോപണം
തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് എതിരെ വധ ഭീഷണി. മദനി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണജാഥ മലപ്പുറം ജില്ലയിലെത്തുന്പോള്‍ അദ്ദേഹത്തെ അപായപ്പെടുത്തുമെന്ന ടെലിഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസമാണ് ലഭിച്ചത് . ഭീഷണി സന്ദേശം വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മദനിയെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്നാണ് ഭീഷണിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കോയമ്പത്തൂരിലെ ഉക്കടം എന്ന സ്ഥലത്തു നിന്നാണ് ടെലിഫോണ്‍ സന്ദേശം എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീഷണിയുടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.
മദനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നിയന്ത്രണം പാലിക്കാന്‍ പിഡിപി നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. പ്രചാരണ പരിപാടിക്കിടെ മദനിയെ മാലയും ബൊക്കെയും നല്കി സ്വീകരിക്കാന്‍ അനുവദിക്കില്ല എന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
അതേ സമയം മദനിയ്ക്കുള്ള വധഭീഷണി പിഡിപി തന്നെ ആസൂത്രണം ചെയ്ത രാഷ്ട്രീയ നാടകമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പദ്ധതിയാസൂത്രണം കോയന്പത്തൂരിലാണ് നടന്നതെന്നും ഇതിന് പിന്നില്‍ പിഡിപി തന്നെയാണെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications