അധ്യാപകന്റെ പീഡനം: വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്‌തു
ജയ്‌പൂര്‍: അധ്യാപകന്റെ ലൈംഗിക ചൂഷണത്തെത്തുടര്‍ന്ന് മനോവിഭ്രാന്തിയിലായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു.
രാജസ്ഥാനിലെ ജയ്‌പൂരിനടുത്തുള്ള കൊടാര ഗ്രാമത്തിലെ മഹിള എസ്‌ബിആര്‍ മഹിളാ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വര്‍ഷ ഭൈര്‍വ(15)ആണ് തൂങ്ങിമരിച്ചത്.
അമ്മാവനാണ് വ്യാഴാഴ്‌ച രാത്രി വര്‍ഷയെ ഫാനില്‍ തൂങ്ങി പിടയുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വര്‍ഷയുടെ നില ഗുരുതരമായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ജയ്‌പൂരിലെ എസ്‌എംഎസ് ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്‌ച രാവിലെ വര്‍ഷ മരിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിലെ ഗണിതശാസ്‌ത്രം അധ്യാപകനെതിരെ വര്‍ഷയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ പീഡനത്തെക്കുറിച്ച് വര്‍ഷ വീട്ടുകാരോട് പരാതിപ്പെട്ടിരുന്നുവത്രേ. കാര്യമറിഞ്ഞ് വര്‍ഷയുടെ അമ്മാവന്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിന് പരാതിയും നല്‍കിയിരുന്നു.
പരാതിയെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അധ്യാപകനായ മഹേഷ് ജഖണ്ഡിനെ താക്കീത് ചെയ്യുകയും ചെയ്‌തിരുന്നു എന്നാല്‍ മഹേഷ്‌് വര്‍ഷയുടെ അമ്മാവനെ ഭീഷണിപ്പെടുത്തുകയും തനിക്കെതിരെ നടപടിയെടുത്താല്‍ വര്‍ഷയെ അപായപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നുവത്രേ.
സ്‌കൂള്‍ വിട്ട് മറ്റ് കുട്ടികള്‍ പോയിക്കഴിഞ്ഞാലും കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കാനെന്ന പേരിലാണത്രേ അധ്യാപകന്‍ കുട്ടിയെ ക്ലാസ് മുറിയില്‍ പിടിച്ച് നിര്‍ത്തിയിരുന്നത്. ഇയാളുടെ പ്രവൃത്തികളോട് എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവത്രേ.
എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളര്‍ന്ന കുട്ടി അവസാനം ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ച്ചയായ ലൈംഗിക പീഡനത്തെത്തുടര്‍ന്നാണ് കുട്ടിയുടെ മാനസിക നില തകരാറിലായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ ഉടന്‍തന്നെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications