അബ്ദുള്ളക്കുട്ടിയ്‌ക്ക് വധഭീഷണി
കണ്ണൂര്‍: സിപിഎം വിട്ട് യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന എപി അബ്ദുള്ളക്കുട്ടിയ്‌ക്ക് വധഭീഷണി. ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ് ഫോണിലൂടെ ഭീഷണി വന്നത്.
എറണാകുളത്ത് യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂരില്‍ പ്രസംഗിക്കാന്‍ വന്നാല്‍ തലയെടുക്കുമെന്നും 24മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളുവെന്നുമാണത്രേ ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്.
ഇതിനെത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി നല്‍കി. ഭീഷണി വന്ന നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെയ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വ്യാഴാഴ്‌ച രാത്രി ചാലാട് എത്തിയ അബ്ദുള്ളക്കുട്ടിയുടെ കാറിന് നേര്‍ക്ക് കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പിന്നീട് പൊലീസ് അകമ്പടിയോടെയായിരുന്നു അദ്ദേഹം യുഡിഎഫ് പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തത്.
സിപിഎം വിട്ടതിന് ശേഷം നേതാക്കളും പ്രവര്‍ത്തകരുമായ ഒട്ടേറെപ്പേര്‍ ഭീഷണിപ്പെടുത്തിയതായി അബ്ദുള്ളക്കുട്ടി പലവേദികളിലും പറഞ്ഞിരുന്നു. വധഭീഷണികൂടി വന്നതോടെ അദ്ദേഹത്തിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications