മോഡിയുടെ വയസ്സി വിളിയ്‌ക്കെതിരെ പ്രിയങ്ക
ദില്ലി: കോണ്‍ഗ്രസ് 125 വയസ്സായ വൃദ്ധയാണെന്നും രാജ്യത്തിന്റെ ബാധ്യതയാണെന്നും പറഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകള്‍ വിവാദമാകുന്നു.
മോഡി ഭാരത സംസ്‌കാരത്തെയും വൃദ്ധകളെയും സ്‌ത്രീകളെത്തന്നെയും അപമാനിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് മോഡിയുടെ പ്രസ്‌താവന പ്രശ്‌നമായത്.
കോണ്‍ഗ്രസിന് വയസ്സായെങ്കിലും ഇപ്പോള്‍ തന്നെപ്പോലെയുള്ള യുവജനങ്ങളാണ് കോണ്‍ഗ്രസിലുള്ളതെന്നും ശനിയാഴ്‌ച അമേഠിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പ്രിയങ്ക വധേര പറഞ്ഞിരുന്നു. എന്നെക്കണ്ടാല്‍ പ്രായം തോന്നുന്നുണ്ടോയെന്നാണ് പ്രിയങ്ക വോട്ടര്‍മാരോട് ചോദിച്ചത്.
സഹോദരന്‍ രാഹുല്‍ ഗാന്ധിയ്‌ക്കുവേണ്ടിയുള്ള പ്രചാരണത്തിനായാണ് പ്രിയങ്ക അമേഠിയില്‍ എത്തിയത്. എന്തായാലും മോഡിയുടെ പരാമര്‍ശത്തെ മുതലെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതിന്റെ സൂചനയായിരുന്നു അമേഠിയില്‍ പ്രിയങ്ക പറഞ്ഞ വാക്കുകളും.
മോഡിയുടെ അരോപണം തലതിരിഞ്ഞതാണെന്ന ആരോപണുമായി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ആരാണ് ബാധ്യതയെന്ന് മോഡിയ്‌ക്കും ബിജെപിയ്‌ക്കും രാജ്യത്തെ സ്‌ത്രീകള്‍ മനസ്സിലാക്കിക്കൊടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.
മോഡി വയസ്സായ സ്‌ത്രീകളെ ബാധ്യതയെന്ന് വിളിച്ചത് ഭാരതീയ സംസ്‌കാരത്തിന് നിരക്കാത്തതാണ്. പ്രായമായവരെയും സ്‌ത്രീകളെയും ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. രാജ്യം ഈ അപമാനം പൊറുക്കില്ല- ജയന്തി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് വിലകുറഞ്ഞ പ്രചാരണവുമായി നടക്കുന്ന ബിജെപി സ്വന്തം പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ അദ്വാനിയുടെ പ്രായം ഒന്നോര്‍ത്തുനോക്കണമെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവായ ശക്തിസിങ് മോഡിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് 76വയസ്സാണ് പ്രായം വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയ്‌ക്ക് 73ഉം സോണിയയ്‌ക്കും 62വയസ്സുമാണ്. എന്നാല്‍ അദ്വാനിക്ക് വയസ്സ് 81 ആയി- അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തായാലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ പലരും നടത്തുന്ന പ്രസ്‌താവനകള്‍ വിവാദമായി മാറുന്നത് ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
മുസ്ലീങ്ങള്‍ക്കെതിരെ പ്രസംഗിച്ച് വരുണ്‍ ഗാന്ധി നിയമക്കുരുക്കിലായതിന് പിന്നാലെ ഒറീസയിലെ കണ്ഡമാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ക്രിസ്‌ത്യാനികള്‍ക്കെതിരെ പ്രസംഗിച്ച് കുടുക്കിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോഡിയുടെ വയസ്സി വിളിയും പ്രശ്‌നമായിരിക്കുന്നത്.












Click it and Unblock the Notifications