സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥകാട്ടി: രാഹുല്‍
പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇതിന് കാരണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പാലക്കാട്ട് നടന്ന യുഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കുമൊപ്പം നില്‍ക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം. കൂടുതല്‍ യുവജനങ്ങള്‍ രാഷ്ട്രീയരംഗത്തേയ്‌ക്ക് വരണം. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമാണ്. ഗള്‍ഫിലും മറ്റും സഞ്ചരിക്കുമ്പോള്‍ മലയാളികള്‍ അവിടങ്ങളില്‍ ഉണ്ടാക്കുന്ന നേട്ടത്തെക്കുറിച്ച് ഓര്‍ക്കാറുണ്ട്- അദ്ദേഹം പറഞ്ഞു.
ദളിത് സമൂഹത്തിന് വേണ്ടി പ്രയത്‌നക്കുമെന്ന പ്രതിജ്ഞ പാലിക്കാന്‍ യുപിഎ സര്‍ക്കാറിനായി. പാവപ്പെട്ടവരുടെ പുരോഗതിയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി പ്രാപിക്കാനാവൂ എന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. കേരളത്തിലെ യുവാക്കള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരണം. ഞാന്‍ നയിക്കുന്ന കോണ്‍ഗ്രസ് അവര്‍ക്കുവേണ്ടി വാതില്‍ തുറന്നിട്ടിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം താന്‍ വീണ്ടും കേരളത്തില്‍ വരുമെന്നും പാലക്കാട്ട് വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്നും പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ 11മണിയോടെയാണ് പാലക്കാട്ടെ കോട്ടമൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാഹുല്‍ എത്തിയത്.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പാലക്കാട്-ആലത്തൂര്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥികളായ സതീഷന്‍ പാച്ചേനി, എന്‍കെ സുധീര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.












Click it and Unblock the Notifications