ദളിന്റെ കാര്യം നോക്കാന്‍ പിണറായി വേണ്ട: വീരന്‍
കോഴിക്കോട്: ജനതാദളിലെ കാര്യം തീരുമാനിക്കാന്‍ പിണറായി വിജയന്റെ ആവശ്യമില്ലെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഇടിയങ്ങരയില്‍ ചേര്‍ന്ന ജനതാദള്‍പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദളിലെ പ്രതിനിധിയായി ആരു മന്ത്രിയാവണമെന്ന് തീരുമാനിക്കേണ്ടത് വിജയനല്ല. ദളിന്റെ കാര്യം പിണറായിയാണ് തീരുമാനിക്കുന്നതെങ്കില്‍പ്പിന്നെ ദളിന്റെ പാര്‍ട്ടി എകെജി സെന്ററിലേയ്‌ക്ക് മാറ്റിയാല്‍ പോരേ?
ആദ്യം അദ്ദേഹം സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ. അവര്‍ക്ക് ധാരാളം പ്രശ്‌നങ്ങളുണ്ടല്ലോ. ലാവലിന്‍ പ്രശ്‌നം, സ്വന്തം മുഖ്യമന്ത്രിയുടെ ഒതുക്കാനുള്ള പരിശ്രമം എന്നിങ്ങനെ സ്വന്തം പാര്‍ട്ടിയ്‌ക്കുള്ളില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ളപ്പോള്‍ ദളിന്റെ കാര്യം കൂടി ഏറ്റെടുത്ത് പിണറായി വിഷമിക്കേണ്ടതില്ല- വിരേന്ദ്രകുമാര്‍ പറഞ്ഞു.
ദളിന്റെ മന്ത്രി വീണ്ടും മന്ത്രിസഭയില്‍ എത്തുമെന്നും എന്നാല്‍ അത് വിമതരായിരിക്കില്ലെന്നുമുള്ള പിണറായിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു വീരേന്ദ്രകുമാര്‍.
കോഴിക്കോട് സീറ്റ് പേമെന്റ് സീറ്റാണെന്നും ഫാരിസാണ് അതിന് പിന്നിലെന്നും പറഞ്ഞത് അല്‍പ്പത്തമാണെന്നാണ് പിണറായി പറഞ്ഞത്. എകെജിയും ഇഎംഎസ്സും ഒന്നിച്ചു പങ്കെടുത്ത അവസാന യോഗത്തിന്റെ മിനുട്‌സ് എഴുതാന്‍ അവസരം കിട്ടിയ ഞാന്‍ അല്‍പന്‍. ഫാരിസ് ബഹുമാന്യന്‍.
ഫാരിസിനെക്കുറിച്ച് പറയുമ്പോള്‍ പിണറായി എന്തിനിങ്ങനെ ക്ഷോഭിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. അന്‍പത് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച എന്നോടില്ലാത്ത സ്‌നേഹവും ബഹുമാനവുമാണ് അദ്ദേഹത്തിന് ഫാരിസിനോട്. എന്നോട് ഇങ്ങനെ പെരുമാറുന്നുവെങ്കില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന് പറഞ്ഞ വിഎസിനോട് പിണറായി എങ്ങനെയാണ് പെരുമാറുന്നുണ്ടാവുക- വീരന്‍ ചോദിച്ചു.












Click it and Unblock the Notifications