കോടതി വിധി തിരഞ്ഞെടുപ്പ് ലാക്കാക്കി: പിണറായി
കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ തെറ്റായ പരാമര്‍ശം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്‌എന്‍സി ലാവലിന്‍ കേസില്‍ ഫയല്‍ കാണാനില്ലെന്ന ഹര്‍ജിയില്‍ തനിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പിണറായി.
കോടതി ഉത്തരവ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്- പിണറായി ആരോപിച്ചു.
ലാവലിന്‍ കേസില്‍ മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വരദാചാരിയെക്കുറിച്ച് പിണറായിനടത്തിയ പരാമര്‍ശങ്ങള്‍ അടങ്ങിയ ഫയല്‍ കാണാനില്ലെന്ന ഹര്‍ജിയിലായിരുന്നു കോടതി കോടിയേരിയ്‌ക്കും പിണറായിയ്‌ക്കും എതിരെ കേസെടുക്കാന്‍ തിങ്കളാഴ്‌ച ഉത്തരവിട്ടത്.
അഡ്വക്കേറ്റ് പി നാഗരാജനാണ് ഹര്‍ജി സമര്‍പ്പിച്ചത്. പിണറായിയും കോടിയേരിയും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസേടുക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞതവണത്തെ വിജയം ഇടതുമുന്നണി ആവര്‍ത്തിക്കുമെന്ന് പറഞ്ഞ വിജയന്‍ ഇത്തവണ പാര്‍ലമെന്റില്‍ ലീഗ് അംഗങ്ങള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു.












Click it and Unblock the Notifications