അമേരിക്കക്കാരിയെ സഹപാഠികള്‍ മാനഭംഗപ്പെടുത്തി
മുംബൈ: ഇരുപത്തിമൂന്നുകാരിയായ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികളായ ആറു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി.
ദിയോനറിലുള്ള ടാറ്റ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍(ടിഐഎസ്‌എസ്‌്) പഠിക്കുന്ന അമേരിക്കക്കാരിയാണ് മാനഭംഗത്തിനിരയായത്.
മദ്യലഹരിയിലാണ് സഹപാഠികള്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുംബൈയിലെ ഒരു ഫ്‌ളാറ്റില്‍ വച്ചാണ് സംഭവം നടന്നത്.
ഡിപ്ലോമ കോഴ്‌സിനായി നാല് മാസം മുമ്പാണ് യുവതി മുംബൈയില്‍ എത്തിയത്. മാനഭംഗപ്പെടുത്തിയ ആണ്‍കുട്ടികള്‍ ഈ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ചൊവ്വാഴ്‌ച രാത്രി ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയ്‌ക്കുശേഷം യുവതി യുവാക്കള്‍ക്കൊപ്പം അവരിലൊരാളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലെത്തി.
മദ്യപിച്ച് ഏതാണ്ട് ബോധം നഷ്ടപ്പെട്ട യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പലതവണ പീഡിപ്പിക്കുകയായിരുന്നുവത്രേ. ബുധനാഴ്‌ച ഉച്ചയോടെ ബോധം വീണപ്പോഴാണ് യുവതി താന്‍ മാനഭംഗത്തിനിരയായതായി തിരിച്ചറിയുന്നത്. പിന്നീട് ഹോസ്‌റ്റലില്‍ തിരിച്ചെത്തിയശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ആരോപിതരായ ആറുപേരും മുംബൈയ്‌ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്.
ഇവരില്‍ മൂന്നുപേരെ അന്ധേരിയിലെ കാമ്പസില്‍ നിന്നാണ് പൊലീസ് അറസ്റ്റുചെയ്‌തത്. ആരോപണവിധേയരായ യുവാക്കള്‍ തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളല്ലെന്നാണ് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നത്.












Click it and Unblock the Notifications