വരുണ്‍ ഗാന്ധിക്ക് പരോള്‍ അനുവദിച്ചു
ദില്ലി: വിവാദ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ വരുണ്‍ ഗാന്ധിക്ക് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് പരോള്‍ അനുവദിച്ചു. തിരഞ്ഞെടുപ്പ് റാലികളില്‍ മാത്രമല്ല മറ്റൊരു പ്രസംഗത്തിലും മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗം നടത്താന്‍ പാടില്ലെന്ന് കോടതി വരുണിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതി നിര്‍ദ്ദേശപ്രകാരം വര്‍ഗീയ പരാമര്‍ശം നടത്തില്ലെന്ന് കഴിഞ്ഞ ദിവസം വരുണ്‍ ഗാന്ധി സത്യവാങ്മൂലം നല്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് പരോള്‍ അനുവദിച്ചത്.
ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ വരുണ്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി വരുണിനു പരോള്‍ അനുവദിച്ചിരിയ്ക്കുന്നത്.
പിലിബിത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ തനിക്കു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും അവസരം നല്‍കണമെന്നു കഴിഞ്ഞ ദിവസം വരുണ്‍ സുപ്രീം കോടതിയോട് അപേക്ഷിച്ചിരുന്നു.
മതവികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗിച്ചതിന് അറസ്റ്റ് വരിയ്ക്കാനായി പിലിബിത്തിലെത്തിയപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വരുണ്‍ ഗാന്ധിയ്ക്കെതിരെ ദേശസുരക്ഷ നിയമപ്രകാരം കേസെടുത്തത്.












Click it and Unblock the Notifications