കന്നിവോട്ടിന്റെ ആവേശം തരൂരിന് വിനയായി
തിരുവനന്തപുരം: ഇതെന്റെ കന്നി വോട്ടാണ്- ആദ്യമായി വോട്ട് ചെയ്തതിന്റെ ആവേശം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറച്ചുവെച്ചില്ല. എന്നാല്‍ കന്നി വോട്ടിന്റെ ആവേശം സംഘര്‍ഷത്തിലേക്ക് വഴിമാറാന്‍ അധികം നേരം വേണ്ടി വന്നില്ല. ശശി തരൂര്‍ വോട്ടു ചെയ്യാനെത്തിയ തിരുവനന്തപുരം ജഹവര്‍നഗര്‍ എല്‍പി സ്കൂളിലാണ് സംഘര്‍ഷമുണ്ടായത്.
കന്നി വോട്ട് ചെയ്തതിന്റെ ആവേശത്തില്‍ പോളിങ് ബൂത്തിന് പുറത്തെത്തിയ തരൂരിനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. പോളിങ് സ്റ്റേഷന് തൊട്ടടുത്ത് തരൂര്‍ മാധ്യമ പ്രവര്‍ത്തരുമായി സംസാരിച്ചത് ഇടതുപ്രവര്‍ത്തകര്‍ ചോദ്യംചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ബഹളം രൂക്ഷമാകുന്നതിനിടയില്‍ പൊലീസ് ഇടപെട്ടു ശാന്തമാക്കി. തുടര്‍ന്ന് ഇടതുപ്രവര്‍ത്തകര്‍ തരൂരിനെതിരേ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. രാവിലെ ഏഴരയോടെ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനൊപ്പമാണു ശശി തരൂര്‍ വോട്ടു ചെയ്യാനെത്തിയത്. വോട്ടു രേഖപ്പെടുത്തി തിരികെ ഇറങ്ങിയ തരൂര്‍ പോളിങ് ബൂത്തിനു സമീപം ദൃശ്യമാധ്യമ പ്രവര്‍ത്തകരോടു കന്നിവോട്ടിന്റെ ആവേശം പങ്കിടുകയായിരുന്നു.
21 വയസു പരിധിയായിരുന്നപ്പോഴാണു തനിക്കു വോട്ടുചെയ്യാന്‍ അവസരമുണ്ടായതെന്നും എന്നാല്‍ പതിനെട്ടു വയസുമുതല്‍ പഠനാവശ്യത്തിനു വിദേശത്തായിരുന്നതുകൊണ്ടു വോട്ടുചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് തിരികെയെത്തിയത്.
53ാം വയസില്‍ സ്വന്തംവോട്ടു സ്വന്തംപേരില്‍ ചെയ്യാനുള്ള അവസരമുണ്ടായതില്‍ സന്തോഷമുണ്ട്- ശശി തരൂര്‍ പറഞ്ഞു. നിങ്ങളെല്ലാവരും വോട്ടുചെയ്താല്‍ വിജയിക്കുമെന്നും തരൂര്‍ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇടതുപ്രവര്‍ത്തകരുടെ ആരോപണം.












Click it and Unblock the Notifications