ദേശീയ ഗാനത്തോട് അവഹേളനം: തരൂരിന് ജാമ്യം
കൊച്ചി: ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഐക്യരാഷ്ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ശശി തരൂരിന് എറണാകുളം അഡീഷണല്‍ സിജെഎം കോടതി ജാമ്യം അനുവദിച്ചു. കേസ് പരിഗണിയ്ക്കുന്നത് ജൂലൈ ഒന്പതിലേക്ക് മാറ്റി.
തൃശൂര്‍ സ്വദേശിയായ ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസ്. തരൂര്‍ ശനിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 16ന് കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച കെപി ഹോര്‍മിസ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത ശശി തരൂര്‍ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈ നെഞ്ചോടു ചേര്‍ത്തു പിടിക്കണമെന്നു നിര്‍ദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
പരാതി പരിഗണിച്ച കോടതി, പ്രൗഢമായ ഒരു സദസിനു മുന്‍പാകെ തരൂര്‍ നല്‍കിയ നിര്‍ദേശത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നു നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications