ലാവലിന്‍: സിബിഐക്ക് വീണ്ടും സര്‍ക്കാരിന്റെ കത്ത്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് നിയമോപദേശം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സിബിഐക്ക് വീണ്ടും കത്തെഴുതി.
ലാവലിന്‍ കേസ് സംബന്ധിച്ച് മുഴുവന്‍ രേഖകളും അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് വീണ്‌ടും കത്തെഴുതിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ലഭിച്ചാല്‍ മാത്രമേ കേസില്‍ പ്രോസിക്യൂഷന് അനുവാദം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ.
കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ആഭ്യന്തര വകുപ്പിന്‍റെ കത്ത് ശനിയാഴ്ചയാണ് ചെന്നൈയിലെ സിബിഐ ഓഫീസില്‍ ലഭിച്ചത്. ഇതിന് മുന്പും രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തരവകുപ്പ് സിബിഐക്ക് കത്തയച്ചിരുന്നു.
എന്നാല്‍, പ്രസക്തമായ രേഖകളെല്ലാം നേരത്തെ തന്നെ നല്‍കിക്കഴിഞ്ഞതായും ബാക്കിയുള്ളവ കോടതിയില്‍ സമര്‍പ്പിയ്ക്കാമെന്നുമായിരുന്നു സിബിഐയുടെ മറുപടി. മുഴുവന്‍ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നത് പ്രായോഗികമല്ലെന്നും വേണമെങ്കില്‍ ചെന്നൈയിലെത്തി രേഖകള്‍ പരിശോധിയ്ക്കാമെന്നുമായിരുന്നു സിബിഐ അറിയിച്ചിരുന്നു.
എന്നാല്‍ ഇതു സാധ്യമല്ലെന്നും മുഴുവന്‍ രേഖകളും പരിശോധനയ്ക്കായി വേണമെന്നുമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്.
എന്നാല്‍ പ്രോസിക്യൂഷന് അനുമതി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുവദിച്ചിരിയ്ക്കുന്ന സമയപരിധി മെയ് 11ന് അവസാനിയ്ക്കാനിരിയ്ക്കെ നടപടികള്‍ വൈകിപ്പിയ്ക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശ്രമമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications