ഇന്ത്യയില്‍ വ്യോമാക്രമണത്തിന് പാക് പദ്ധതിയിട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ആണവപരീക്ഷണം നടത്തുന്നത് തടയുന്ന പക്ഷം ഇന്ത്യയില്‍ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക്ക് വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. 1998ലെ പാക് വിദേശകാര്യ മന്ത്രിയായിരുന്ന ഗോഹര്‍ അയൂബ് ഖാന്‍ തന്റെ ആത്മകഥാംശമുളള വിദേശകാര്യ മന്ത്രിയായി ഒരു പരീക്ഷണകാലം എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
പാകിസ്താന്‍ ആണവപരീക്ഷണം നടത്തിയ ചഗായില്‍ ഇന്ത്യ ഏതെങ്കിലും വിധത്തില്‍ ആക്രമണം നടത്തിയിരുന്നെങ്കില്‍ ഇന്ത്യയിലെ മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്താനായിരുന്നു പദ്ധതി.
ഇന്ത്യയുടെ ആണവ പദ്ധതികളെക്കുറിച്ച് ബ്ലൂ പ്രിന്‍റ് അടക്കമുളള വ്യക്തമായ രേഖകള്‍ പാക്കിസ്ഥാന്‍റെ പക്കലുണ്ടെന്നു ആയൂബ് ഖാന്‍ അവകാശപ്പെടുന്നു. 1984 ലെ സുവര്‍ണ ക്ഷേത്ര ആക്രമണത്തിന് ശേഷം പഞ്ചാബില്‍ നടന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കിയതിന് പ്രതിഫലമായാണ് ഈ രേഖകള്‍ ലഭിച്ചതെന്ന് പുസ്തകം വിവരിയ്ക്കുന്നു.
ആണവപരീക്ഷണം നടത്താന്‍ തീരുമാനിച്ചതോടെ ചഗായി പ്രദേശം പഞ്ചാബ് ഷെര്‍ദിലിന്‍റെ സംരക്ഷണത്തിലായി. ഇന്ത്യയുടെയും ഇസ്രേയലിന്റെയും ആക്രമണ സാധ്യതകളെ തുടര്‍ന്ന് എണ്‍പതുകള്‍ മുതല്‍ പാക്കിസ്ഥാന്റെ പ്രധാന പദ്ധതികള്‍ക്കു കാവല്‍ നില്‍ക്കുന്ന പ്രത്യേക വിഭാഗമാണ് ഷെര്‍ദിലുകള്‍.
ഇരുരാജ്യങ്ങളും ആണവ ശക്തിയായതിനാല്‍ സംഘര്‍ഷ സാധ്യത കുറവാണെങ്കിലും ഒരു ആണവയുദ്ധം നടക്കാനുള്ള സാധ്യത പാകിസ്താന്റെ മുന്‍ വിദേശകാര്യ മന്ത്രി തള്ളിക്കളയുന്നില്ല.












Click it and Unblock the Notifications