ചിരുവിന് വോട്ടില്ല; പിതാവിനെ മകന്‍ കുത്തിക്കൊന്നു
ഹൈദരാബാദ്: പുതുതായി രൂപീകരിച്ച ചിരഞ്‌ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത അച്ഛനെ മകന്‍ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ചയാണ് സംഭവമുണ്ടായത്.
നടന്‍ ചിരഞ്‌ജീവിയുടെ കടുത്ത ആരാധകനും കൂലിത്തൊഴിലാളിയുമായ കോസുരു രാജബാബു പിതാവായ കോസുരു ബുല്ലഭായിയോട് പ്രജാരാജ്യത്തിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയുടെ അനുകൂലിയാണെങ്കിലും മകന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പ്രജാരാജ്യത്തിന് വോട്ട് ചെയ്യാമെന്ന് ബുല്ലഭായ് സമ്മതിച്ചിരുന്നു.
എന്നാല്‍ വോട്ടെടുപ്പിന് ശേഷം താന്‍ ടിഡിപിക്കാണ് വോട്ട് ചെയ്‌തതെന്ന് ബുല്ലഭായ് മകനോട് വെളിപ്പെടുത്തി. ഇതില്‍ അരിശം മൂത്താണ് രാജബാബു അച്ഛനെ കുത്തിക്കൊന്നത്. പിതാവിന്റേത് സ്വാഭാവികമരണമാണെന്ന് അയല്‍വാസികളെ പറഞ്ഞു വിശ്വസിപ്പിച്ച രാജബാബു വ്യാഴാഴ്ച തന്നെ ശവസംസ്‌കാരവും നടത്തി.
എന്നാല്‍ രാജബാബുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രാജബാബു കുറ്റം സമ്മതിച്ചത്. ചിരഞ്‌ജീവിയെ അന്ധമായി ആരാധിയ്ക്കുന്ന രാജബാബു തിരഞ്ഞെടുപ്പില്‍ പ്രജാരാജ്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തിറങ്ങിയിരുന്നു.












Click it and Unblock the Notifications