പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന്റെ കുത്തകയല്ല: ലാലു
ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടു ആര്‍ജെഡി നേതാവും റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് വീണ്ടും രംഗത്തെത്തി. യുപിഎയുടെ പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന്റെയോ മന്‍മോഹന്‍ സിംഗിന്റെയോ അവകാശമല്ലെന്ന് ലാലു പറഞ്ഞു.
ഫലപ്രഖ്യാപനത്തിന് ശേഷം യുപിഎ ഘടകകക്ഷികള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കേണ്ട കാര്യമാണിത്. പാറ്റ്നയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും ഉണ്ടെന്ന് കഴിഞ്ഞ ദിവസം ലാലു പറഞ്ഞിരുന്നു. പുതിയ പ്രസ്താവന ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
മതേതര കക്ഷികളുടെ സഖ്യമാണ് യുപിഎ. അല്ലാതെ അത് കോണ്‍ഗ്രസിന്റെ മാത്രം മുന്നണിയല്ലെന്നും ലാലു ചൂണ്ടിക്കാട്ടി. സഖ്യകക്ഷികള്‍ക്ക് സ്വീകാര്യമായിട്ടുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യുപിഎ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് മുന്നണിയുടെ പ്രധാനമന്ത്രി ആരാവണമെന്ന കാര്യം പിന്നീട് തീരുമാനിയ്ക്കും. യുപിഎ അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ലാലു വ്യക്തമാക്കി.
ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ജനവിധി തേടുന്നത്. അതേ സമയം ആര്‍ജെഡി സമാജ് വാദി പാര്‍ട്ടിയോടും എല്‍ജെപിയോടും ചേര്‍ന്നാണ് നാലാം മുന്നണി രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.












Click it and Unblock the Notifications