കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴടങ്ങില്ലെന്ന് പുലികള്‍;അന്തിമ യുദ്ധത്തിന് ആരംഭം

  • By Staff
Google Oneindia Malayalam News

കൊളംബോ: എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ 24 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്ന ശ്രീലങ്കന്‍ സൈന്യത്തിന്റെ അന്ത്യശാസനം പുലികള്‍ തള്ളിയതോടെ സുരക്ഷാമേഖലയിലേക്ക് സൈന്യം ആക്രമണം വ്യാപിപ്പിച്ചു.

യുദ്ധം ഭയന്ന് മേഖലയില്‍നിന്ന്‌ 62,000ത്തോളം തമിഴ് വംശജര്‍ സര്‍ക്കാര്‍ നിയന്ത്രിത സുരക്ഷാമേഖലയിലേക്ക്‌ പലായനം ചെയ്‌തു. മൂന്നു ദിവസമായി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആയിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന്‌ എല്‍ടിടിഇ ആരോപിച്ചു. സൈനിക വക്താക്കള്‍ ഇത്‌ നിഷേധിച്ചിട്ടുണ്ട്‌.

തിങ്കളാഴ്‌ച ഉച്ചമുതല്‍ ചൊവ്വാഴ്‌ച ഉച്ചവരെയുള്ള 24 മണിക്കൂര്‍ സമയപരിധിയ്ക്കുള്ളില്‍ കീഴടങ്ങണമെന്നാണ് പ്രഭാകരനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ പുലിനേതൃത്വം ഇത്‌ അവഗണിച്ചതോടെ സൈന്യം ആക്രമണം ശക്തമാക്കുകയായിരുന്നു.

പുലികളുടെ നിയന്ത്രണത്തിലുള്ള 17 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ്‌ സൈന്യം ആക്രമണം നടത്തിയത്‌. സര്‍ക്കാര്‍ അന്ത്യശാസനം നല്‌കിയിട്ടും പുലികള്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ സാധാരണക്കാരെ രക്ഷപ്പെടുത്തി, അന്തിമയുദ്ധത്തിന് ആരംഭമിടുകയാണെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു.

ശ്രീലങ്കന്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കെയാണ്‌ ലങ്കന്‍ സര്‍ക്കാര്‍ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയിലെ സ്ഥിതി പരിതാപകരമാണെന്ന്‌ അമേരിക്കന്‍ വിദേശകാര്യ ആക്ടിങ്‌ വക്താവ്‌ റോബര്‍ട്ട്‌ വുഡ്‌ പറഞ്ഞു. സാധാരണക്കാര്‍ അത്യന്തം അപകടാവസ്ഥയിലാണെന്ന്‌ റെഡ്‌ക്രോസും ആശങ്കയറിയിച്ചിട്ടുണ്ട്‌. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ എല്‍ടിടിഇ സന്തുഷ്ടി പ്രകടിപ്പിച്ചു.

മുല്ലൈത്തീവിലെ പുതുമാതലന്‍ പ്രദേശത്തെ ആശുപത്രിയില്‍ ബോംബിട്ട്‌ സൈന്യം ഡോക്ടറെ വധിച്ചതായി എല്‍ടിടിഇ അനുകൂല വെബ്സൈറ്റായ തമിഴ്‌നെറ്റ്‌ ആരോപിച്ചു. അതേസമയം, സൈന്യത്തിനു മുന്നില്‍ ആയുധംവെച്ച്‌ കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന്‌ എല്‍ടിടിഇ സമാധാന വിഭാഗം സെക്രട്ടറി ജനറല്‍ ശിവരത്‌നം പുലിദേവന്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. മൂന്നാമതൊരു നിരീക്ഷകനെ അനുവദിക്കുകയാണെങ്കില്‍ വെടിനിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കാമെന്ന്‌ എല്‍ടിടിഇയുടെ രാഷ്‌ട്രീയത്തലവന്‍ ബി. നടേശന്‍ വ്യക്തമാക്കി. എന്നാല്‍ പുലികള്‍ ആയുധം താഴെവെക്കുന്നതുവരെ ഒരു വിട്ടുവീഴ്‌ചയും വേണ്ടെന്നാണ് ലങ്കന്‍ സര്‍ക്കാരിന്റെ നിലപാട്.

പുതുമാതലന്‍ മേഖലയില്‍ സൈന്യം നടത്തിയ ഒഴിപ്പിക്കല്‍ നടപടികളിലാണ്‌ പതിനായിരക്കണക്കിനാളുകള്‍ കൂടി പലായനം ചെയ്‌തത്‌. ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യമാണ് സൈന്യം നിര്‍വഹിച്ചതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ 40,000ത്തോളം പേര്‍ ഇനിയും സുരക്ഷാമേഖലയില്‍ കഴിയുന്നുണ്ടെന്നാണ്‌ റെഡ്‌ക്രോസിന്റെ കണക്ക്‌. ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്‌ച മുതല്‍ ശ്രീലങ്കന്‍ ടെലിവിഷനുകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X