ചാണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ദിവസത്തെ കണ്ണൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണം നല്‍കി. പെരുമാറ്റച്ചട്ടം ലംഘിയ്ക്കുന്ന നടപടികളൊന്നും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം കമ്മീഷന് നല്കിയ മറുപടിയില്‍ വിശദീകരിയ്ക്കുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന് എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ ചൊവ്വാഴ്ചയാണ് പ്രതിപക്ഷ നേതാവിന് നോട്ടിസയച്ചത്.
തിരഞ്ഞെടുപ്പ് ദിവസം സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമം അഴിച്ചു വിട്ടുവെന്ന് ഉമ്മന്‍ ചാണ്ടി കമ്മീഷനുള്ള വിശദീകരണത്തില്‍ ആരോപിച്ചു. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ കാണാനാണ് കണ്ണൂരിലേക്ക് പോയത്.
വോട്ടെടുപ്പ് ദിവസം അഞ്ച് മണിയ്ക്ക് മുന്പായി പോളിങ് ബൂത്തിലോ പൊതു സ്ഥലങ്ങളിലോ പോയിട്ടില്ല. പോളിങ് സമയം കഴിഞ്ഞ് അഞ്ചേ കാലോടെയാണ് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. അന്ന് തന്നെ കണ്ണൂരില്‍ നിന്ന് തിരിച്ചു പോന്നെന്നും ഉമ്മന്‍ ചാണ്ടി മറുപടിയില്‍ വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications