സ്‌ത്രീകളെ അപമാനിച്ച പൊലീസുകാര്‍ അറസ്റ്റില്‍
മംഗലാപുരം: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട കേരള പൊലീസിലെ 12 പൊലീസുകാര്‍ ജയിലിലായി. മദ്യപിച്ച് ലക്കുകെട്ട് പരിസരവാസികളോടും സ്‌ത്രീകളോടും അപമര്യാദയായി പെരുമാറിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
പനമ്പൂര്‍ പൊലീസ് അറസ്‌റ്റുചെയ്‌ത ഇവരെ ഏപ്രില്‍ 28 വരെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. മംഗലാപുരത്തെ കാപ്പ ബീച്ചില്‍ മദ്യപിച്ചെത്തിയ പൊലീസുകാര്‍ ഇവിടെയുണ്ടായിരുന്ന യുവതികളെ കടന്നുപിടിയ്‌ക്കുകയും പരിസരവാസികള്‍ ശല്യമുണ്ടാക്കുകയും ചെയ്‌തുവെന്നാണ് ആരോപണം.
വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തൃശൂര്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരെ അറസ്റ്റുചെയ്‌തത്. മദ്യപിച്ചെത്തിയ ഇവര്‍ സ്‌ത്രീകളോട് അശ്ലീലം പറയുകയും കടന്നുപിടിക്കുകയുമായിരുന്നുവത്രേ. ഇത് തടയാനെത്തിയ നാട്ടുകാരെ ഇവര്‍ കൈവച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
നാട്ടുകാര്‍ സംഘടിച്ച് പ്രശ്‌നം വഷളായതോടെ മംഗലാപുരം പൊലീസ് സ്ഥലത്തെത്തി. ഇവരെ കസ്റ്റിഡിയിലെടുത്തു. പിടിയിലായ എല്ലാവരും മദ്യപിച്ചിരുന്നുവെന്ന് മംഗലാപുരം പൊലീസ് പറയുന്നു. സംഭവം നടക്കുന്നതിനിടെ കേരളത്തില്‍ നിന്നുള്ള രണ്ട് എഎസ്‌ഐമാര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്.
കേരളപൊലീസിന് ഈ സംഭവം കടുത്ത അപമാനമാണ് വരുത്തിവച്ചിരിക്കുന്നത്. കര്‍ണാടകത്തില്‍ നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജോലികള്‍ക്കായിട്ടാണ് ഇവര്‍ എത്തിയത്. കേരളത്തില്‍ നിന്നും 1200ഓളം പൊലീസുകാരെയാണ് കര്‍ണാടകത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായി നിയോഗിച്ചിരിക്കുന്നത്.
മലപ്പുറം എംഎസ്‌പി കമാന്റന്‍ഡ് സ്‌പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് സംഘം ഇവിടെയെത്തിയത്. ഇദ്ദേഹത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് അറസ്‌റ്റിലായവര്‍ മദ്യപിച്ച് കാപ്പ ബീച്ച് കാണാന്‍ പുറപ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഡിജിപിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications