ഗാന്ധിയെന്ന ലേബല്‍ വേണ്ട: വരുണ്‍
ഫത്തേപ്പൂര്‍(യുപി): തനിക്ക് ഗാന്ധിക്കുടുംബത്തിന്റെ പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്ന് ബിജെപിയുടെ യുവ വിവാദ നായകന്‍ വരുണ്‍ ഗാന്ധി. പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അറിയപ്പെടാന്‍ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
പേരിലല്ല പ്രവൃത്തിയിലാണ് ഞാന്‍ ഗാന്ധിയാകാന്‍ ആഗ്രഹിക്കുന്നത്. ഗാന്ധികുടുംബത്തില്‍ നിന്നുള്ളയാണെന്നതുകൊണ്ടുള്ള പ്രശസ്‌തി എനിക്കാവശ്യമില്ല- വരുണ്‍ പറഞ്ഞു.
പിലിഭിത്തില്‍ വര്‍ഗീയ പ്രസംഗം നടത്തി ജയിലിലായ വരുണ്‍ പരോള്‍ കിട്ടിയശേഷം പങ്കെടുത്ത ആദ്യത്തെ പ്രചാരണപരിപാടിയായിരുന്നു ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ നടന്നത്.
ഫത്തേപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി രാധേ ശ്യാമിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് വരുണ്‍ പങ്കെടുത്തത്. ജാതിയ്‌ക്കും മതത്തിനും അതീതമായിട്ടാണ് വോട്ടുചെയ്യേണ്ടതെന്ന് വരുണ്‍ പറഞ്ഞു.
ജയിലിലായിരുന്ന സമയത്ത് താന്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയിരുന്നുവെന്നും ജയിലിലുണ്ടായിരുന്ന ഒരു അറ്റന്റന്റ് തന്നോട് ഫത്തേപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകണമെന്ന് പറഞ്ഞിരുന്നുവെന്നും വരുണ്‍ പറഞ്ഞു. എന്താണ് അങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടികളിലല്ല ജനങ്ങളിലാണ് തനിക്ക് വിശ്വാസമെന്നാണ് അയാള്‍ പറഞ്ഞതെന്നും വരുണ്‍ വ്യക്തമാക്കി.
വര്‍ഗീയ പ്രസംഗത്തെത്തുടര്‍ന്ന് അറസ്റ്റിലായി 20 ദിവസം ജയിലില്‍ കഴിഞ്ഞ വരുണ്‍ ഏപ്രില്‍ 16നാണ് രണ്ടാഴ്‌ചത്തെ പരോളില്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇദ്ദേഹം വീണ്ടും സജീവമായിരിക്കുകയാണ്.












Click it and Unblock the Notifications