ശ്രീലങ്കന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
കൊളംബോ: എല്‍ടിടിഇയ്‌ക്കെതിരെ അന്തിമപോരാട്ടം നടക്കുന്ന ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ ലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
പുലികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ തിരച്ചില്‍ തുടരുമെങ്കിലും വന്‍കിട ആയുധങ്ങളൊന്നും സൈന്യം ഉപയോഗിക്കില്ല. ഒരു തരത്തിലുള്ള ആക്രമണം നടത്തില്ലെന്നും ലങ്ക ഉറപ്പു നല്കിയിട്ടുണ്ട്. ഈ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് ഇനി സൈന്യം നടത്തുകയെന്ന് പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെയുടെ ഓഫീസ് വിശദീകരിയ്ക്കുന്നു.
ഞായറാഴ്ച വൈകിട്ട് എല്‍ടിടിഇ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയ ലങ്കന്‍ സര്‍ക്കാര്‍ തങ്ങള്‍ യുദ്ധം നിലപാടിലായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിയ്ക്കണമെന്ന് വ്യാപകമായ സമ്മര്‍ദ്ദം അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നും മറ്റു ലോകരാജ്യങ്ങളുടെ ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു.
തിങ്കളാഴ്ച രാവിലെ ലങ്കയില്‍ വെടിനിര്‍ത്തലും ഒപ്പം തമിഴരുടെ ജീവനും സ്വത്തിനും സംരക്ഷണവും ആവശ്യപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി നടത്തിയ നിരാഹാരസമരം ആരംഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടം ലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications