40വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വഴിപിരിഞ്ഞു
മുംബൈ: വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ദമ്പതിമാര്‍ പിരിയുന്ന സംഭവം ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ 40 വര്‍ഷക്കാലം ഒരുമിച്ച് കഴിഞ്ഞശേഷം വിവാഹമോചനം നേടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നില്ലേ.
നാല്‍പതു വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവില്‍ രണ്ടുവഴിയ്‌ക്ക് പിരിഞ്ഞിരിക്കുകയാണ് മുംബൈ സ്വദേശികളായ പാഴ്‌സി ദമ്പതികള്‍. തിങ്കളാഴ്‌ച കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ വിവാഹ ഫോട്ടോ സഹിതം എല്ലാ വസ്‌തുക്കളും എടുത്തുകൊണ്ട് ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നാണ് എഴുപത്തിയെട്ടുകാരനായ ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.
പ്രത്യേക പാഴ്‌സി കോടതിയാണ് കേസ് പരിഗണിച്ചത്. ദമ്പതികള്‍ യൗവ്വനാവസ്ഥയിലുള്ളവരാണെങ്കില്‍ അവര്‍ക്ക് വിവാഹമോചനം അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും വൃദ്ധര്‍ക്ക് പരിഗണനയും കരുതലും ശുശ്രൂഷയും ആവശ്യമുള്ളതിനാല്‍ വിവാഹമോചനം അനുവദിക്കുക അത്ര എളുപ്പമല്ലെന്ന് പറഞ്ഞ കോടതി ഇരുവരും ആവശ്യപ്പെടുന്നതിനാല്‍ വിവാഹമോചനം അനുവദിക്കുന്നതായി അറിയിച്ചു.
മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് എഴുപത്തിനാലുകാരിയായ ഭാര്യ ഭര്‍ത്താവില്‍ നിന്നും മോചനം ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയത്. 2007ലായിരുന്നു ഇവര്‍ പാരതി നല്‍കിയത്. മാത്രമല്ല ഭര്‍ത്താവ് തനിക്ക് നഷ്ടപരിഹാരമായി 45 ലക്ഷം രൂപ തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 2009ല്‍ കേസ് വീണ്ടും പരിഗണനയ്‌ക്കുവന്നപ്പോള്‍ ഇവര്‍ ആവശ്യപ്പെട്ടത് രണ്ട് കോടിയായിരുന്നു. അവസാനം 35ലക്ഷവും തന്റെ ഫ്‌ളാറ്റും ഭാര്യയ്‌ക്കു നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചു. എന്നാല്‍ ഭാര്യയുടെ ആരോഗ്യപരിരക്ഷയ്‌്‌ക്കായി ഭര്‍ത്താവ് 10ലക്ഷം രൂപകൂടി നല്‍കണമെന്ന് കോടതി വിധിച്ചു.
വിവാഹമോചനത്തിന് പരാതി നല്‍കിയശേഷം അതുവരെ താമസിച്ച വീട് ചുമര്‍ കെട്ടി രണ്ടായി തിരിച്ച് രണ്ട് പ്രവേശന വാതിലുകള്‍ പിടിപ്പിച്ചാണ് ഇവര്‍ ജീവിച്ചിരുന്നത്. വിവാഹ മോചനം നല്‍കുന്നതിന് മുമ്പ് കോടതി പലവട്ടം ദമ്പതികളെത്തമ്മില്‍ അനുനയിപ്പിക്കാന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ മോചനം വേണമെന്നകാര്യത്തില്‍ ഭാര്യ ഉറച്ചുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications