ഭീതിയകന്നു; ഇന്ത്യയില്‍ പന്നിപ്പനിയില്ല
ദില്ലി: വിവിധ രാജ്യങ്ങളിലേയ്‌ക്ക് പന്നിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും രോഗം പടര്‍ന്നിട്ടുണ്ടെന്നുള്ള ആശങ്കയ്‌ക്ക് തല്‍ക്കാലം വിരാമമായി.
ഇന്ത്യയില്‍ ഇതേവരെ പന്നിപ്പനിയ്‌ക്ക് കാരണമായ എച്ച1എന്‍1 വൈറസിനെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍ അറിയിച്ചു.
ശനിയാഴ്‌ച ലണ്ടനില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമായി എത്തിയ മൂന്നുപേര്‍ക്ക് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടത് ഭീതി പരത്തിയിരുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയെത്തുടര്‍ന്ന് രോഗബാധയുണ്ടെന്ന് സംശയിച്ച് ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു.
എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് പന്നിപ്പനി ബാധയില്ലെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മൊത്തം ആറുപേരിലായിരുന്നു പന്നിപ്പനി ബാധയുണ്ടെന്ന് സംശയിച്ചത്. ഇവരെല്ലാവരും വിദേശത്തുനിന്നും എത്തിയവരായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.
ഇന്ത്യയില്‍ വൈറസ് പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലെല്ലാം എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി വിനീത് ചൗധരി വ്യ്‌ക്തമാക്കി. കേരളത്തില്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പ് മുഴുവന്‍സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി.












Click it and Unblock the Notifications