ഇടത് പിന്തുണ പ്രതീക്ഷിയ്ക്കുന്നു: രാഹുല്‍ ഗാന്ധി
ദില്ലി: തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വരില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. എന്‍ഡിഎ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നാണ് രാജ്യത്തെ പൊതുവികാരം. വികസന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
രാജ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്. അടുത്ത പ്രധാനമന്ത്രി സിങ് തന്നെയായിരിക്കുമെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഇക്കാരത്തില്‍ സഖ്യകക്ഷികളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് തയാറാണ്. ഇടതുപക്ഷം മന്‍മോഹനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയാണെങ്കില്‍ അവരുമായുള്ള സഖ്യ സാധ്യത പരിശോധിയ്ക്കും.
ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള ഇടത് പാര്‍ട്ടികളുടെ ആശയങ്ങള്‍ കാലഹരണപ്പെട്ടവയാണ്. ലോകം മാറുകയാണെന്ന് ഇടതുപക്ഷം മനസിലാക്കണം. ഇക്കാര്യം ഇടതുപക്ഷത്തിനു താമസിയാതെ സമ്മതിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.
2004 ലേതിനെക്കാള്‍ മികച്ച പ്രകടനമായിരിക്കും ഇത്തവണ കോണ്‍ഗ്രസിന്റേത്. ശ്രീലങ്കയിലെ തമിഴര്‍ക്കു വേണ്ടി സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരിനു സാധിച്ചു. എല്‍ടിടിഇ ഭീകര സംഘടനയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.












Click it and Unblock the Notifications