കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃവിയോഗത്തിനിടെ ഐഎഎസ്‌ വിജയത്തിളക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആരും കേള്‍ക്കാന്‍ ആഗ്രഹിയ്‌ക്കുന്ന വാക്കുകള്‍ ഫോണിലൂടെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ മിത്രയക്ക്‌ ചിരിയ്‌ക്കണമോ കരയണമോയെന്ന്‌ അറിയില്ലായിരുന്നു.

രാജ്യത്തെ ഏറ്റവും കടുത്ത മത്സര പരീക്ഷയില്‍ ലക്ഷങ്ങളെ പിന്നിലാക്കി പത്താം റാങ്കെന്ന തിളങ്ങുന്ന നേട്ടം തിരുവനന്തപുരം പേട്ടയിലെ തേങ്ങാപ്പുര ലൈനിലെ ടിസി 29/430ാം വീട്ടിലെത്തിയെങ്കിലും അത്‌ ആഘോഷിയ്‌ക്കാന്‍ ഇന്ന്‌ അവിടെയാരുമില്ല. മകളുടെ നേട്ടത്തില്‍ മതിമറന്ന്‌ സന്തോഷിയ്‌ക്കേണ്ട മാതാപിതാക്കള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു കഴിഞ്ഞു. ആഘോഷങ്ങള്‍ പൂത്തുലയേണ്ട വീട്ടിലിപ്പോള്‍ നിറഞ്ഞു നില്‌ക്കുന്നത്‌ ദുഖം മാത്രം.

മിത്രയുടെ പിതാവും റിട്ടയേഡ്‌ അണ്ടര്‍ സെക്രട്ടറിയുമായ ത്രിവിക്രമന്‍ നായര്‍ അന്തരിച്ചത്‌ നാല്‌ ദിവസം മുന്‍പായിരുന്നു. ഇതിന്റെ സഞ്ചയന ചടങ്ങുകള്‍ക്കിടെയാണ്‌ ഐഎഎസ്‌വിജയവാര്‍ത്ത മിത്രയെ തേടിയെത്തിയത്‌.

മകളെ കളക്ടറാക്കണമെന്ന്‌ ആഗ്രഹിച്ച പിതാവ്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിക്കിടയിലായിരിയ്‌ക്കെയാണ്‌ മിത്ര മാര്‍ച്ച്‌ 30ന്‌ യുപിഎസി അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തത്‌. എന്റെ ഈ വിജയം അച്ഛനും അമ്മയ്‌ക്കുമായി സമര്‍പ്പിയ്‌ക്കുന്നു. നൊമ്പരത്തിന്‌ മേല്‍ നിറയുന്ന സന്തോഷത്തോടെ മിത്ര പറഞ്ഞു.

സിവില്‍ സര്‍വീസസ്‌ പ്രധാന പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്നതിനിടെ കഴിഞ്ഞ ജൂലായിലാണ്‌ മിത്രയുടെ മാതാവ്‌ റിട്ടയേഡ്‌ അധ്യാപിക സീതാ ലക്ഷ്‌മി മരിച്ചത്‌. അന്ന്‌ പരീക്ഷ എഴുതണമോയെന്ന്‌ ശങ്കിച്ചപ്പോള്‍ പിതാവും സഹോദരിയുമാണ്‌ എനിയ്‌ക്ക്‌ എല്ലാ പിന്തുണയും നല്‌കിയത്‌. എന്നെ സംബന്ധിച്ചിടത്തോളം ഐഎഎസ്‌ ഒരു ജീവന്മരണ പോരാട്ടമൊന്നുമായിരുന്നില്ല. മാതാപിതാക്കളുടെ സ്വപ്‌നം സാക്ഷാത്‌ക്കരിയ്‌ക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം-മിത്ര വ്യക്തമാക്കി.

പ്രീഡിഗ്രിയ്‌ക്കും എംഎ ഇംഗ്ലീഷിനും റാങ്ക്‌ കരസ്ഥമാക്കിയ മിത്രയെ ഐഎഎസിലേക്ക്‌ നയിച്ചത്‌ മാതാപിതാക്കള്‍ തന്നെയായിരുന്നു. അതിന്‌ സാക്ഷികളാകാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ലെന്നതാണ്‌ മിത്രയുടെ ദുഖം.

ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും തൈക്കാട്‌ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ സെന്ററില്‍ നിന്ന്‌ ബിഎഡും നേടിയ മിത്ര കേരള യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌ഡി ചെയ്‌ത്‌ വരികയാണ്‌.

മാതാപിതാക്കളുടെ വേര്‍പാടുകള്‍ക്കിടയിലും മിത്രയ്‌ക്ക്‌ താങ്ങും തണലുമായി നിന്ന സഹോദരി ചിത്ര ടി നായര്‍ ഗവണ്‍മെന്റ്‌ കോളെജില്‍ ലക്‌ചററാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X