കണ്ണൂരില്‍ യുഡിഎഫ് നേതാക്കള്‍ ഉപവസിയ്ക്കുന്നു
കണ്ണൂര്‍: സിപിഎം നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങളിലും അഴിമതി ഭരണത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫിന്റെ സംസ്ഥാനതല നേതാക്കള്‍ പങ്കെടുക്കുന്ന ഉപവാസം കണ്ണൂരില്‍ ആരംഭിച്ചു.
സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, പികെ കുഞ്ഞാലിക്കുട്ടി, കെഎംമാണി, ആര്‍ ബാലകൃഷ്‌ണ പിള്ള, ടിഎം ജേക്കബ്, സിഎഫ് തോമസ്, എംവി രാഘവന്‍, ജെഎസ്‌എസ് നേതാവ് രാജന്‍ ബാബു, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് അഞ്ച് വരെയാണ് ഉപവാസം.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലും ലാവലിന്‍, പൂതാടി കേസുകളിലും ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിന് പങ്കുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഉപവാസ സമരത്തിന്റെ ലക്ഷ്യമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ ലാവലിന്‍ സമരപ്രഖ്യാപനവും ഇതിനൊപ്പം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫിന്റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയെന്നും ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കണ്ണൂരിലെത്തിയെന്നും സിപിഎം ആരോപണമുയര്‍ത്തിയിരുന്നു. ചൊവ്വാഴ്ചത്തെ ഉപവാസ സമരത്തിലൂടെ ഈ ആരോപണങ്ങളെ പ്രതിരോധിയ്ക്കുകയെന്ന ലക്ഷ്യവും യുഡിഎഫിനുണ്ട്.
ലാവലിന്‍ വിവാദത്തില്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി വൈകീട്ട് യുഡിഎഫ് നേതൃയോഗവും കണ്ണൂരില്‍ നടക്കും.












Click it and Unblock the Notifications