മുംബൈ ആക്രമണം: കസബ് കുറ്റം നിഷേധിച്ചു
മുംബൈ: ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് അജ്‌മല്‍ കസബും മറ്റു രണ്ടു പ്രതികളും തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ കോടതിയില്‍ നിഷേധിച്ചു.
കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇതൊന്നും സ്വീകാര്യമല്ലെന്നും കസബ് വിചാരണക്കോടതിയെ അറിയിച്ചു. അതേസമയം വിചാരണ നേരിടാന്‍ തയ്യാറാണെന്നും കസബ് അറയിച്ചിട്ടുണ്ട്.
മറ്റു പ്രതികളായ ഫഹീം അന്‍സാരി, ഷഹാബുദീന്‍ അഹ്മദ് എന്നിവരും കുറ്റും നിഷേധിച്ചു. ഇവരും വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 86 കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ആരോപിച്ചിരിക്കുന്നത്.
ഇത് വിചാരണക്കോടതി ജഡ്‌ജി എം എല്‍ തഹിലിയാനി പ്രതികളെ വായിച്ചുകേള്‍പ്പിച്ചു. ഹിന്ദിയിലാണ് ജഡ്‌ജി കാര്യങ്ങള്‍ വിശദീകരിച്ചത്. രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം, കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, അനധികൃതമായി അതിര്‍ത്തി കടക്കല്‍, സ്‌ഫോടനവസ്‌തുക്കള്‍ കൊണ്ടു നടക്കല്‍ എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ജഡ്‌ജി എം.എല്‍ തഹിലിയാനിയുടെ ചോദ്യത്തിന് 21 വയസ്സുണ്ടെന്ന് ഉത്തരം നല്‍കിയ കസബ് താന്‍ പറയുന്നത് വിശ്വസിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യാനാണെന്ന് കോടതിയോട് ചോദിച്ചു. കോടതിയ്‌ക്കു പുറത്ത് അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് ജഡ്‌ജി കസബിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications