നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലേയും നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററിയുമായ ദില്ലിയിലേയും 85 മണ്ഡലങ്ങളിലായി 1315 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 119 പേര്‍ വനിതകളാണ്. 9.46 കോടി വോട്ടര്‍മാര്‍ക്കായി 1.29 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
നാലാംഘട്ട വോട്ടെടുപ്പോടെ 457 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബാക്കിയുള്ള 86 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് മെയ് 13നാണ്.
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി, ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്, ആര്‍ജെഡി നേതാവ് ലാലു പ്രസാദ്, എസ്പി തലവന്‍ മുലായം സിങ്, ഫറൂഖ് അബ്ദുള്ള, സചിന്‍ പൈലറ്റ്, കപില്‍ സിബല്‍, ശത്രുഘ്നന്‍ സിന്‍ഹ, ശേഖര്‍ സുമന്‍, ഭജന്‍ ലാല്‍, അജിത് സിംഗ് തുടങ്ങിയവരാണ് നാലാംഘട്ടത്തില്‍ മത്സരിയ്ക്കുന്ന പ്രമുഖര്‍.
കോണ്‍ഗ്രസിനും ബിജെപിക്കും ഇടതുപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ് നാലാംഘട്ട വോട്ടെടുപ്പ്. രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടി നേട്ടമാക്കി മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പശ്ചിമ ബംഗാളിലെ ഇടതു മുന്നണിയുടെ പ്രകടനം മൂന്നാം മുന്നണി രൂപീകരണത്തില്‍ ഏറെ നിര്‍ണായകമാണ്.
രാജസ്ഥാന്‍-25, ഉത്തര്‍പ്രദേശ്-18, പശ്ചിമ ബംഗാള്‍-17, ഹരിയാന-10, ഡല്‍ഹി-7, പഞ്ചാബ്-4, ബീഹാര്‍-3 എന്നിവിടങ്ങളിലാണ് നാലാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications