ലാവലിന്‍: യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി
കൊച്ചി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധിച്ചു യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി.
വ്യാഴാഴ്‌ച രാവിലെ ആറു മണിയ്‌ക്കു തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിയ്‌ക്കും. ആദ്യ മണിക്കൂറുകളില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
കെഎസ്‌ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ചില സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
എന്നാല്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യവേ യുഡിഎഫ് നേതാക്കള്‍ ബുധനാഴ്‌ച അറിയിച്ചിരുന്നു.
വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള യാത്രകളും തടയരുതെന്ന് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാല്‍, പത്രം, ജലവിതരണം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പള്ളിപ്പെരുന്നാല്‍ പരിഗണിച്ച് പുതുപ്പള്ളി, എടത്വ എന്നീ സ്ഥലങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വെള്ളനാട് ഭാഗത്ത് ചിലര്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. ആറ്റുകാലിനടുത്ത് രണ്ട് കെഎസ്‌ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
വ്യാഴാഴ്‌ച പത്തുമണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കലേയ്‌ക്ക് മാര്‍ച്ച് നടത്തുമെന്നാണ് സൂചന. കൊച്ചിയില്‍ പതിനൊന്നുമണിയ്‌ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications