വിഎസിന്റെ രാജി പരിഗണനയിലില്ല: രാമചന്ദ്രന്‍ പിള്ള
ദില്ലി: വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലില്ലെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യമുയര്‍ന്നതായി മാധ്യമങ്ങള്‍ വന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പും, മറ്റു ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് ഇപ്പോള്‍ പാര്‍ട്ടിയ്‌ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നങ്ങള്‍. തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്- അദ്ദേഹം വിശദീകരിച്ചു.
വിഎസ് പക്ഷത്തെ വിശ്വസ്ഥര്‍ പോലും അദ്ദേഹത്തെ വിട്ട് ഔദ്യോഗികപക്ഷത്ത് ചേരുകയാണെങ്കിലും അദ്ദേഹത്തിനുള്ള ജനപിന്തുണ രാജിക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തെയും വലച്ചേയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുകൊണ്ടുതന്നെ വിഎസ് രാജിവയ്‌ക്കുകയെന്ന കാര്യത്തില്‍ പിബി ഉടനടി ഒരു തീരുമാനമെടുത്തേയ്‌ക്കില്ല.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതിന് തിരിച്ചടിയുണ്ടായാല്‍ അതില്‍ വിഎസിനെ പ്രതിയാക്കുകയും അതുവഴി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കുകയും ചെയ്യാമെന്നും ഔദ്യോഗിക പക്ഷം കണക്കുകൂട്ടുന്നുണ്ട്.
എന്തായാലും അടുത്ത പിബി യോഗത്തില്‍ ലാവലിന്‍, വിഎസ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. 18നും 19നും പിബി യോഗം ചേരുമെന്നും അറിയുന്നു. അതുകഴിഞ്ഞ് 21നും 22നും കേന്ദ്രകമ്മിറ്റിയും ചേരുമെന്നാണ് സുചന. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നാണ് ദില്ലിയിലുള്ള നേതാക്കള്‍ നല്‍കുന്ന സൂചന.












Click it and Unblock the Notifications