ദില്ലിയില്‍ എജിയെ തടഞ്ഞു, കരിങ്കൊടി കാട്ടി
ദില്ലി: അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള ഹൗസില്‍ തടഞ്ഞുവയ്‌ക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്‌തു.
ലാവലിന്‍ കേസില്‍ സിബിഐ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് നിയമോപദേശം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എജിയെ തടഞ്ഞുവച്ചത്.
അമ്പായത്തോട് കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം സംബന്ധിച്ച കേസിനുവേണ്ടിയാണ് എജി വ്യാഴാഴ്‌ച ദില്ലിയില്‍ എത്തിയത്. കേസ് കഴിഞ്ഞ് വെള്ളിയാഴ്‌ച വൈകീട്ട് നാലുമണിയ്‌ക്ക് കേരളത്തിലേയ്‌ക്ക് മടങ്ങുന്നതിനിടെയാണ് ഇരുപതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ്, എന്‍എസ് യു പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞത്.
'അഴിമതി വീരന്‍ പിണറായിയെ സംരക്ഷിക്കുന്ന എജി രാജിവയ്‌ക്കൂ, പുറത്തുപോകൂ' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ കേരള ഹൗസിന്റെ താഴത്തെ നിലയിലെ വരാന്തയില്‍ എജിയെ തടഞ്ഞത്. കരിങ്കൊടിയും ബാനറും പിടിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്.
ഇതിനിടെ കേരളഹൗസിലെ ജീവനക്കാരും പൊലീസും ചേര്‍ന്ന് എജിയെ കാറില്‍ കയറ്റി. പിന്നീട് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ തടയാന്‍ ശ്രമിച്ചു. പ്രശ്‌നം പത്തുമിനിറ്റോളം നീണ്ടുനിന്നു. സംഭവത്തില്‍ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ജാമ്യത്തില്‍ വിട്ടു.
എജിയ്‌ക്കെതിരെ പ്രതിഷേധപ്രകടനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്‌ച രാത്രി മുതല്‍ കേരള ഹൗസില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications