ചിതയൊരുക്കാന്‍ പാടില്ലെന്ന് ബ്രിട്ടീഷ് കോടതി
ലണ്ടന്‍: മൃതദേഹം ഹൈന്ദവരീതിയില്‍ ചിതയില്‍ ദഹിപ്പിക്കാനുള്ള അനുമതിക്കായി നിയമപോരാട്ടം നടത്തിവന്ന ഇന്ത്യക്കാരന്റെ ഹര്‍ജി ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.
ന്യൂകാസിലിലെ ഗോസ്‌ഫര്‍ത്തില്‍ താമസിക്കുന്ന ദേവേന്ദര്‍ ഗായ് എന്ന എഴുപതുകാരനാണ് ചിതയൊരുക്കി മൃതദേഹം ദഹിപ്പിക്കാനുള്ള അനുമതിയ്‌ക്കായി ഹര്‍ജി നല്‍കിയിരുന്നത്. ബ്രിട്ടനിലെ ആംഗ്ലോ-ഏഷ്യന്‍ ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റിയുടെ സ്ഥാപകനാണ് ദേവേന്ദര്‍.
നിയമപ്രകാരം ബ്രിട്ടനില്‍ ചിതകള്‍ നിരോധിച്ചിരിക്കുകയാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്‌റ്റിസ് ക്രാന്‍സ്‌റ്റണ്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ ചിതകള്‍ വിലക്കിയതിനെതിരെ 2006ലാണ് ദേവേന്ദര്‍ ന്യൂ കാസില്‍ സിറ്റി കൗണ്‍സിലിന് പരാതി നല്‍കിയത്.
നല്ല മരണത്തിനും മരണാനന്തര ജീവിതത്തിനും തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന് ഹര്‍ജിില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലക്ക് നീക്കുക പ്രായോഗികമല്ലെന്നായിരുന്നു കൗണ്‍സിലിന്റെ വിധി.
ഇതിനെതിരെയാണ് ദേവേന്ദര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിലക്ക് നീക്കാന്‍ സാധിക്കില്ലെന്ന് വിധിച്ചെങ്കിലും ഹൈക്കോടതി അപ്പീലിന് അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications