കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍: വിഎസ്‌ സിപിഐയുമായി അടുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ വീണ്ടും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനുമായി അടുക്കുന്നതായി സൂചന. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സ്വീകരിച്ച നിലപാടിന്റെ പേരില്‍ മുഖ്യമന്ത്രിയെ മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി തന്റെ നിലപാട്‌ മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയതില്‍ തെറ്റില്ലെന്ന നിലപാടും സിപിഐ സ്വീകരിക്കും. കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യണ്ടെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുത്തത്‌ സിപിഎമ്മാണ്‌.

എല്‍ഡിഎഫിലെ ഘടകകക്ഷികളാരും ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. മറ്റ്‌ ഘടകകക്ഷികളിലെ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭ ഈ വിഷയം പരിഗണിക്കുമ്പോള്‍ മറുവശം കൂടി വിശദീകരിക്കണമെന്ന്‌ വിഎസിന്‌ തോന്നിയതില്‍ തെറ്റില്ലെന്നാണ്‌ സിപിഐയുടെ നിലപാട്‌.

ഇക്കാര്യത്തില്‍ വിഎസിന്‌ പിന്തുണ നല്‍കുമെന്ന്‌ അറിയിക്കാന്‍ വേണ്ടി വെള്ളിയാഴ്‌ച രാത്രിതന്നെ സിപിഐ മന്ത്രിമാരായ സി ദിവാകരനും മുല്ലക്കര രത്‌നാകരനും മുഖ്യമന്ത്രിയെ കണ്ട്‌ സംസാരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കണ്ടത്‌.

പിന്നീട്‌ ശനിയാഴ്‌ച രാവിലെ പതിനൊന്നുമണിയോടെ ദിവാകനും മുല്ലക്കരയും എംഎന്‍ സ്‌മാരകത്തിലെത്തി വിഎസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങല്‍ വെളിയത്തെ ധരിപ്പിച്ചു. കേസില്‍ താന്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറല്ലെന്നാണ്‌ വിഎസ്‌ മന്ത്രിമാരെ ധരിപ്പിച്ചതെന്നാണ്‌ സൂചന.

സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കേരളത്തിലെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും സൃഷ്ടിച്ചേക്കാവുന്ന ചലനങ്ങള്‍ സംബന്ധിച്ച്‌ സിപിഐ കേന്ദ്ര നേതൃത്വവുമായി സംസ്ഥാന നേതൃത്വം ശനിയാഴ്‌ച ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും അറിയുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതി, മൂന്നാര്‍ ഒഴിപ്പിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയുമായി സിപിഐ ഏറെ അകന്നിരുന്നു.

എന്നാല്‍ ചെറിയ ഇടവേളയ്‌ക്കുശേഷം ലാവലിന്‍ പ്രശ്‌നം ഇവരെ വീണ്ടും അടുപ്പിക്കുകയാണ്‌. സ്വതന്ത്രരടക്കം സിപിഎമ്മിന്‌ നിയമസഭയില്‍ 65 അംഗങ്ങളാണുള്ളത്‌. ലാവലിന്‍ പ്രശ്‌നത്തില്‍ വിഎസ്‌ എന്തിനും തയ്യാറായി നില്‍ക്കന്ന സാഹചര്യത്തില്‍ 17 അംഗങ്ങളുള്ള സിപിഐയുടെ പിന്തുണ സിപിഎമ്മിന്‌ ഉറപ്പാക്കിയേ തീരൂ.

മുഖ്യമന്ത്രി ഗവര്‍ണറെക്കണ്ട്‌ സഭ പിരിച്ചുവിടാന്‍ ആവശ്യപ്പെടുമെന്ന്‌ വരെ അഭ്യൂഹങ്ങളുണ്ട്‌. വിഎസ്‌ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ മുതിരുമെന്നും കേള്‍ക്കുന്നുണ്ട്‌. എന്തായാലും പ്രശ്‌നത്തില്‍ സിപിഐയുടെ നിലപാടും നിര്‍ണായകമായിത്തീരുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X