മൂന്നാം മുന്നണി അധികാരത്തിലേറും: പ്രവചനം
ദില്ലി: ഇടതുപക്ഷക്കാര്‍ പൊതുവേ നിരീശ്വരവാദികളും ജ്യോതിഷം പോലുള്ള കാര്യങ്ങളില്‍ വിശ്വാസമില്ലാത്തവരുമാണ്. എന്നാല്‍ രാജ്യത്തെ ജ്യോതിഷികള്‍ ഒന്നടങ്കം പറയുന്നത് തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി നിര്‍ണായക ശക്തിയാകുമെന്നാണ്. അതേസമയം തന്നെ മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചാലും അതിന് ആയുസ്സ് അധികമുണ്ടാകില്ലെന്നും പ്രവചനമുണ്ട്.
ഇപ്പോള്‍ ഇന്ത്യയ്‌ക്ക് നല്ലകാലമാണെന്നും 2010ല്‍ പൊതു തരിഞ്ഞെടുപ്പ് നടക്കുമെന്നും രാജ്യത്തെ പ്രമുഖ ജ്യോതിഷികള്‍. മൂന്ന് ദശാബ്ദത്തിലൊരിക്കല്‍ സംഭവിക്കുന്ന വ്യാഴത്തിന്റെ സ്ഥാനചലനം ഇന്ത്യയ്‌ക്ക് ഗുണദോഷസമ്മിശ്രമാണെന്നാണ് പ്രവചനം.
മകരത്തില്‍ നിന്നും കുംഭം രാശിയിലേയ്‌ക്കുള്ള വ്യാഴത്തിന്റെ ചലനം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ശുഭകരമാണ്. പക്ഷേ രാഷ്ട്രീയം കലങ്ങിമറിയാന്‍ പോകുകയാണ്. അതായത് കേന്ദ്രത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ ഒന്നരവര്‍ഷത്തില്‍ക്കൂടുതല്‍ കാലം അധികാരത്തിലിരിക്കില്ല. 2010 അവസാനത്തിലോ 2011ലോ വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടക്കും- ഇങ്ങനെ പോകുന്നു ജ്യോതിഷികളുടെ പ്രവചനങ്ങള്‍.
ഇപ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഒന്നു വിശകലനം ചെയ്‌താല്‍ത്തന്നെ അടുത്തുതന്നെ വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും. ഇക്കാര്യം തന്നെയാണ് ജ്യോതിഷികളും പറയുന്നത്. സാധാരണനിലയില്‍ വ്യാഴത്തിന്റെ രാശിമാറ്റം 13 മാസം കൂടുമ്പോഴാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ 5മാസമായപ്പോഴേയ്‌ക്കും വ്യാഴത്തിന്റെ ഗതിമാറി.
രണ്ട് മാസത്തിനുള്ളില്‍ മകരം രാശിയിലേയ്‌ക്ക് തിരികെ പോകാനാണ് സാധ്യത. വ്യാഴം അതീവശക്തിയുള്ള ഗ്രഹമാണ്. എന്നാല്‍ മകരം രാശിയില്‍ ഇതിന്റെ സ്വാധീനം ദുര്‍ബലമായിരിക്കും. കുംഭത്തിലെത്തുമ്പോള്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുകയും ചെയ്യും.
രണ്ടരമാസത്തിനകം വ്യാഴത്തിന് സംഭവിക്കുന്ന പ്രതിലോമ ചലനമാണ് മെയ് 16ന് ശേഷം രൂപികരിക്കപ്പെടുന്ന സര്‍ക്കാറിന് പ്രശ്‌നങ്ങളുണ്ടാക്കുക. ഓഗസ്‌റ്റ് മുതല്‍ സര്‍ക്കാറിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും- ദില്ലിയിലെ പ്രമുഖ ജ്യോതിഷിയായ മുകേഷ് ജെയിന്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഒരു കക്ഷിയ്‌ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രവചനമുണ്ട്. പ്രമുഖ ജ്യോതിഷി അശോക് വാസുദേവാണ് ഇക്കാര്യം പറയുന്നത്. പ്രധാന മുന്നണികള്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റേയോ ബിജെപിയുടേയോ പിന്തുണയോടെ മൂന്നാം മുന്നണി അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്.
രാജ്യത്തിന്റെ കിഴക്കുനിന്നുള്ള ഒരു കറുത്ത കുതിര പ്രധാനമന്ത്രി പദത്തിലെത്തും. മന്‍മോഹന്‍ സിങിനും എല്‍കെ അദ്വാനയിക്കും രാജയോഗമില്ലാത്തതിനാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിയില്ല- ഇങ്ങനെ പോകുന്നു പ്രവചനങ്ങള്‍.
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഇത് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് ഇത് ഞങ്ങള്‍ക്കും പറയാന്‍ കഴിയുന്ന കാര്യമല്ലേയെന്ന് സംശയിക്കുകയും ചെയ്യാം.












Click it and Unblock the Notifications