ദുര്‍വ്യയക്കാരിയെ ഭര്‍ത്താവിന് തല്ലാം: ജഡ്‌ജി
റിയാദ്: വരുമാനത്തെക്കുറിച്ച് ബോധമില്ലാതെ പാഴ്‌ച്ചെലവ് നടത്തുന്ന സ്‌ത്രീയെ ഭര്‍ത്താവിന് അടിയ്‌ക്കാമെന്നും ഇത് അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിച്ചേയ്‌ക്കുമെന്നും ജഡ്‌ജി.
ഗാര്‍ഹിക പീഢനത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് സൗദി കോടതിയിലെ ജഡ്‌ജി ദുര്‍വ്യയക്കാരിയായ ഭാര്യയെ ഭര്‍ത്താവിന് അടിക്കാമെന്ന് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന പുരുഷന്മാര്‍ക്ക് ജഡ്‌ജിയുടെ വാക്കുകള്‍ നന്നേ പിടിച്ചെങ്കിലും അവിടെയുണ്ടായിരുന്ന സ്‌ത്രീകള്‍ക്ക് ഇത് തീരെ ഇഷ്ടപ്പെട്ടില്ല.
അവര്‍ ജഡ്‌ജിയോട് പ്രതിഷേധിച്ച് ബഹളം വച്ചു. അവസാനം സ്‌ത്രീകളെല്ലാം കൂടി തന്നെ കൈകാര്യം ചെയ്‌താലോ എന്ന് പേടിച്ചിട്ടോ എന്തോ ജഡ്‌ജി പിന്നീട് കാര്യങ്ങള്‍ മയത്തില്‍ മാറ്റിപ്പറയുകയായിരന്നുവത്രേ. സൗദിയിലെ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.
ഒരാള്‍ തന്റെ ഭാര്യയ്‌ക്ക് 1200 റിയാല്‍ കൊടുക്കുന്നുവെന്ന് കരുതുക. അതില്‍ നിന്നും 900 റിയാല്‍ ഉപയോഗിച്ച് ഭാര്യ പര്‍ദ്ദ വാങ്ങിയാല്‍ നിശ്ചയമായും ഭര്‍ത്താവിന് അവരെ ശിക്ഷിക്കാം. ഭര്‍ത്താവ് മുഖത്തടിക്കുകയാണെങ്കിലും ദുര്‍വ്യയം നടത്തിയ ഭാര്യ അതര്‍ഹിക്കുന്നു- ഇങ്ങനെയായിരുന്നുവത്രേ ജഡ്‌ജിയുടെ വാക്കുകള്‍.
ഗാര്‍ഹികാന്തരീക്ഷം എങ്ങനെ സമാധാനപരമാക്കാം എന്ന് പറഞ്ഞുകൊടുക്കുന്നതിനായി എത്തിയ ജഡ്‌ജി എന്തിന്റെ പേരിലായാലും ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത് ന്യായീകരിച്ചത് ശരിയായില്ലെന്നാണ് സ്‌ത്രീകള്‍ പറയുന്നത്.
അതേസമയം ജഡ്‌ജി സദുദ്ദേശപരമായാണ് കാര്യം പറഞ്ഞതെന്നാണ് പത്രം പറയുന്നത്. വീട്ടില്‍ സ്‌ത്രീയും പുരുഷനും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജഡ്‌ജി ഉപദേശിച്ചിട്ടുണ്ടത്രേ.












Click it and Unblock the Notifications