കുമാര സ്വാമി ജന്‍പഥില്‍, മൂന്നാം മുന്നണി തകരുന്നു?
ദില്ലി: യുപിഎ എന്‍ഡിഎ സഖ്യങ്ങള്‍ക്ക് ബദലായി രൂപീകരിയ്‌ക്കപ്പെട്ട മൂന്നാം മുന്നണി തകര്‍ച്ചയിലേക്ക് നീങ്ങുന്നു.
മൂന്നാം മുന്നണി രൂപീകരണത്തിന് മുന്‍കൈയ്യെടുത്ത ജനതാദള്‍ സെക്കുലര്‍ നേതാവും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ മകനുമായ എച്ച്‌ഡി കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയതോടെയാണ് മൂന്നാം മുന്നണിയുടെ പതനം ആസന്നമായെന്ന സൂചനകള്‍ ലഭിച്ചിരിയ്‌ക്കുന്നത്.
സോണിയയുടെ വസതിയായ പത്താം നമ്പര്‍ ജന്‍പഥിലായിരുന്നു കൂടിക്കാഴ്‌ച. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‌ക്കവെ ദേശീയ രാഷ്ട്രീയത്തിലുണ്ടായി കൊണ്ടിരിയ്‌ക്കുന്ന മലക്കം മറിച്ചിലുകളില്‍ അവസാനത്തേതാണ് ജനതാദളിന്റേത്.
മൂന്നാം മുന്നണിയുടെ കുടക്കീഴില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തെലുങ്കാന രാഷ്ട്രസമിതി എന്‍ഡിഎയിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് ജനതാദള്‍ എസ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഇത് മൂന്നാം മുന്നണിയുടെ നിലനില്‌പിനെ തന്നെ ബാധിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം യുപിഎയില്‍ ചേരുന്നത് സംബന്ധിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ കുമാര സ്വാമിയോ കോണ്‍ഗ്രസ് നേതൃത്വമോ തയാറായില്ല. ജനതാദള്‍ എസ് ഇപ്പോഴും മൂന്നാം മുന്നണിയില്‍ തന്നെയാണെന്നാണ് ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പെ മുന്നണി തകര്‍ന്നതായുള്ള വാര്‍ത്തകള്‍ താന്‍ തമാശയായേ കാണുന്നുള്ളൂവെന്ന് ഗൗഡ പറഞ്ഞു.
അതീവ രഹസ്യമായാണ് കുമാരസ്വമി സോണിയയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ദില്ലിയിലെത്തിയതെങ്കിലും ഈ വിവരം ചില ടിവി ചാനലുകള്‍ക്ക് ലഭിച്ചിരുന്നു. സോണിയയുടെ വസതിയ്‌ക്ക് മുന്നില്‍ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് തൂവാല കൊണ്ട് മുഖം മറച്ചാണ് കുമാരസ്വാമി വസതിയ്‌ക്കുള്ളിലേക്ക് പ്രവേശിച്ചത്.
എന്നാല്‍ ദേവഗൗഡയുടെ ഔദ്യോഗിക വസതിയില്‍ രാത്രി പത്തു മണിയോടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ മൂന്നാം മുന്നണിയില്‍ തന്നെയാണെന്നും കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയയെ സന്ദര്‍ശിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.
ഭൂരിപക്ഷം ഉറപ്പിയ്‌ക്കാനായി ചെറുകക്ഷികളെ വലവീശാനായി എന്‍ഡിഎയും യുപിഎയെയും രംഗത്തിറങ്ങിയതോടെ മൂന്നാം മുണിയ്‌ക്ക് നേതൃത്വം നല്‌കുന്ന ഇടതുപാര്‍ട്ടികള്‍ ഇതിന് തടയിടാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications