അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. തമിഴ്‌നാട്, പുതുച്ചേരി എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 86 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
തമിഴ്‌നാട്ടില്‍ 39 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനൊപ്പം തന്നെ ഉത്തര്‍പ്രദേശ്, ബംഗാള്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മുകശ്‌മീര്‍, ചണ്ഡീഗഡ്, എന്നിവിടങ്ങളിലും ബുധനാഴ്‌ച തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, വരുണ്‍ ഗാന്ധി, മനേക ഗാന്ധി, മമത ബാനര്‍ജി, ആര്‍ ബാലു, എ രാജ, ദയാനിധി മാരന്‍, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ജയപ്രദ, എം കെ അഴഗിരി തുടങ്ങിയ പ്രമുഖരാണ് അവസാനഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
തമിഴ്‌നാട്ടിലെയും ഉത്തര്‍പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം കേന്ദ്രമന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. അവസാനഘട്ടത്തില്‍ മൊത്തം 1432 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ 93 പേര്‍ വനിതകളാണ്. നാലുഘട്ടങ്ങളിലായി 456 മണ്ഡലങ്ങളില്‍ ഇതിനകം വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു.
ഒരു മാസമായി അഞ്ചു ഘട്ടങ്ങളിലായി നീണ്ട വോട്ടെടുപ്പ് പ്രക്രിയ ബുധനാഴ്‌ചയോടെ പൂര്‍ത്തിയാകും. മെയ് 16നാണ് വെട്ടെണ്ണല്‍ . ബുധനാഴ്‌ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങളില്‍ ഇളവു വരും. തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തിയതോടെ ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
വോട്ടെടുപ്പിന് മുന്നോടിയായി ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഘട്ടത്തില്‍ വ്യാപക അക്രമങ്ങള്‍ നടന്ന പശ്ചിമബംഗാളില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications