കോണ്‍ഗ്രസിന്റെ ജയ് ഹോ, റഹ്മാന് ഇഷ്ടക്കേട്
ചെന്നൈ: ഓസ്കാര്‍ പുരസ്ക്കാരം നേടിയ 'ജയ് ഹോ' എന്ന ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് അസംതൃപ്തി.
തിരഞ്ഞെടുപ്പില്‍ പ്രചാരണ ഗാനമായി ഉപയോഗിക്കുന്നതിന് കോണ്‍ഗ്രസാണ് ജയ് ഹോയുടെ അവകാശം സ്വന്തമാക്കിയത്. നിര്‍ജ്ജലീകരണം മൂലം വിശ്രമത്തിലായിരുന്ന സമയത്താണ് ഇത് നടന്നത് എന്നതിനാല്‍ ഇക്കാര്യം അറിഞ്ഞില്ലെന്നും സംഗീത മാന്ത്രികന്‍ പറയുന്നു. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് റഹ്മാന്‍ തന്റെ അസംതൃപ്തി തുറന്നു പറഞ്ഞത്.
രാഷ്ട്രീയത്തോട് മമതയില്ലെന്ന് വെളിപ്പെടുത്തിയ റഹ്മാന്‍ ജനങ്ങളെ സേവിയ്ക്കുന്നതിലാണ് തനിയ്ക്ക് താത്പര്യമെന്നും വ്യക്തമാക്കി. എന്നാല്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ പക്ഷപാതിത്വം കൂടാതെ പ്രവര്‍ത്തിയ്ക്കാന്‍ തയാറാകണമെന്നും നീതി നടപ്പാക്കണമെന്നും റഹ്മാന്‍ ആവശ്യപ്പെട്ടു.
ഇന്തോ-ബ്രിട്ടീഷ് സിനിമയായ സ്ലംഡോഗ് മില്യനെയറിലെ ഗാനങ്ങളിലൊന്നായ 'ജയ് ഹോ'യുടെ സംഗീത സംവിധാനത്തിനാണ് റഹ്മാന് ഓസ്കാര്‍ പുരസ്ക്കാരം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ജയ് ഹോ പ്രചാരണത്തിന് ബദലായി ബിജെപി 'ഭയ് ഹോ' എന്ന് തുടങ്ങുന്ന പാരഡി തിരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിച്ചതും വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications