ലാവലിന്‍: ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നിയമപരമായ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് പ്രതികളുടെ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നാണ് ഗവര്‍ണറെ അറിയിക്കുക.
മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു. ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന മന്ത്രിസഭയുടെ അഭിപ്രായം ഏതൊക്കെ രേഖകള്‍ പരിശോധിച്ചാണ് രൂപീകരിച്ചതെന്ന് അറിയിക്കാന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ആവശ്യപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കാണാതെയാണ് താന്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന നിയമോപദേശം നല്‍കിയതെന്ന അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ രേഖകള്‍ ആവശ്യപ്പെട്ടത്.
ഇതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടതെന്ന് ഗവര്‍ണറെ അറിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്‌ച മന്ത്രിസഭയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications