എകെ ആന്റണി പ്രധാനമന്ത്രിയാവും?
ദില്ലി: പ്രതിരോധ മന്ത്രി എകെ ആന്റണിയെ പ്രധാനമന്ത്രിയാക്കാനുള്ള ചര്‍ച്ചകളും ദില്ലിയില്‍ നടക്കുന്നതായി അറിയുന്നു. പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സ്ഥിതി ഉണ്ടായാല്‍ ഇടതു പക്ഷത്തിന്റെ പിന്തുണയോടെ ആന്റണിയെ പ്രധാനമന്ത്രിയാക്കാമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വച്ചേയ്ക്കും.
ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ മുന്‍കൈയെടുത്ത മന്‍മോഹന്‍ സിംഹിനെ പ്രധാനമന്ത്രിയാക്കാനായി ഇടതുപക്ഷം പിന്തുണനല്‍കാന്‍ തയാറാവില്ലെന്ന് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തുന്നത്. കോണ്‍ഗ്രസ് നേതൃത്ത്വം നല്‍കുന്ന സര്‍ക്കാരാണെങ്കില്‍ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളു.
എന്നാല്‍ ഇതിനെ യുപിഎയിലെ ഘടക കക്ഷിയായ ഡി എം കെ തുണയ്ക്കുമോയെന്ന് കണ്ട് അറിയേണ്ടിയിരിയ്ക്കുന്നു. ശ്രീലങ്കയില്‍ തമിഴ് പുലികള്‍ക്ക് എതിരെ നടക്കുന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പങ്കുണ്ടെന്ന് തമിഴ് പുലികളും ഡി എം കെയും ആരോപിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീലങ്കയില്‍ ഉണ്ടെന്നും അവരാണ് ആക്രമണത്തിന് തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നുമാണ് തമിഴ് പുലികള്‍ ആരോപിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിഎംകെ എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്ന് കാണണം.
കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ആന്റണി സ്വാകാര്യനായിരിയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്ത്വം കരുതുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്നവരുമായ പ്രണബ് മുക്കര്‍ജി, അര്‍ജുന്‍ സിഹ് എന്നിവരെ എങ്ങനെ അടക്കിനിറുത്തുമെന്നത് കോണ്‍ഗ്രസിന് തലവേദന ആയേയ്ക്കും.
കൂടുതല്‍ പ്രശ്നം അര്‍ജുന്‍ സിഹില്‍ നിന്നുമായിരിയ്ക്കും ഉണ്ടാവുക. സോണിയയുമായി ഇപ്പോള്‍ അര്‍ജുന്‍ സിഹ് നല്ല ബന്ധത്തിലുമല്ല. ഇത് കോണ്‍ഗ്രസിലെ മറ്റൊരു പടല പിണക്കത്തിന് വഴി തെളിയ്ക്കുമോ? കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയ ചരിത്രം ഉള്ളയാളാണ് അര്‍ജുന്‍സിഹ്.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഒരു ഉദ്ദേശവുമില്ലെന്ന് കാരാട്ട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ നിന്ന് സിപിഎം മാറുമോയെന്നും കണ്ടറിയേണ്ടിയിരിയ്ക്കുന്നു. ആന്റണിയെ പ്രധാനമന്ത്രിയാക്കുന്നതിനോട് സിപിഎമ്മിന്റെ കേരള ഘടകത്തിന് വലിയ താല്പര്യം ഉണ്ടാവാനിടയില്ല. എന്നാല്‍ ബംഗാള്‍ ഘടകം ഇതിനെ എതിര്‍ത്തേയ്ക്കില്ല.
മൂന്നുതവണ കേരള മുഖ്യമന്ത്രിയായിരുന്നു 68കാരനായ ആന്റണി. 2004ല്‍ ലോക് സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കേരള മുഖ്യമന്ത്രി ആന്റണിയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനേറ്റ കനത്ത പരാജയം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ആന്റണി പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ അംഗമാവുകയായിരുന്നു.












Click it and Unblock the Notifications