ലാലു ചൊടിച്ചു; വായതുറക്കില്ലെന്ന് പ്രഖ്യാപിച്ചു
പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് മിണ്ടില്ലെന്ന് പ്രഖ്യാപിച്ചു. വല്ലതും കഴിയ്‌ക്കാനും കുടിക്കാനുമല്ലാതെ വായ് തുറക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചുവെന്നാണ് ലാലു പറയുന്നത്.
രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്‌ച ഭാര്യ റാബറി ദേവിയുടെ ഔദ്യോഗിക വസതിയില്‍ ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നതിനിടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ഇതിനിടെ ബീഹാറിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നും ആര്‍ജെഡി പ്രവര്‍ത്തകര്‍ രാഷ്ട്രീയ കാര്യങ്ങളുമായി വരുന്നുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് കാര്യമായൊന്നും സംസാരിക്കാന്‍ തയ്യാറാകാത്ത ലാലു പ്രവര്‍ത്തകരോട് വളരെ പ്രസന്നനായിട്ടാണ് ഇടപെട്ടത്. ടിവിക്കാരെ ആരെയും കടത്തിവിടേണ്ടെന്നും തിരഞ്ഞെടുപ്പു ഫലംവന്നിട്ടേ ഇനി താന്‍ അവരോട് എന്തെങ്കിലും പറയുകയുള്ളുവെന്നും ലാലു സുക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.
ടിവി ചാനലുകള്‍ ഏറെയും ബീഹാറില്‍ ആര്‍ജെഡി തോല്‍ക്കുമെന്ന് പ്രവചിച്ചതാണ് ലാലുവിനെ ചൊടിപ്പിച്ചിരിക്കുന്നത്. എക്‌സിറ്റ് പോളുകളില്‍ പലതും പറയന്നത് ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ വിജയം കൊയ്യുമെന്നാണ്. ഇതൊന്നും അംഗീകരിക്കാന്‍ തന്നെക്കിട്ടില്ലെന്നാണ് ലാലുവിന്റെ നിലപാട്.
ഇതേ മാധ്യമങ്ങളാണ് 2004ല്‍ ഫലം വരും മുമ്പേ വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കിയത്. എന്നിട്ടെന്തായി. ബീഹാറില്‍ കുറഞ്ഞത് 25 സീറ്റെങ്കിലും ആര്‍ജെഡി-എല്‍ജെപി സഖ്യം നേടുമെന്ന് അവകാശപ്പെട്ട ലാലു സോണിയ ഗാന്ധി കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. 16ശേഷം എല്ലാം ചര്‍ച്ച ചെയ്യാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications