ഇടതുപക്ഷത്തെ അടുപ്പിക്കില്ലെന്ന് മമത
കൊല്‍ക്കത്ത: ഇടതുപക്ഷം പങ്കാളികളായ ഒരു സഖ്യത്തിനൊപ്പവും ചേരില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കൊല്‍ക്കത്ത പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മമത.
ബെജെപിയുമായും ഒരു കൂട്ടുകെട്ടുമുണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇടതുപക്ഷവുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കില്ല. ഒരിക്കലും സഹകരിച്ചു പോകാന്‍ കഴയാത്ത പാര്‍ട്ടികളാണ് സിപിഎമ്മും ബിജെപിയും.
ഇടതുപിന്തുണയില്ലാതെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൂട്ടുകെട്ടിന് ഉലച്ചിലൊന്നുമില്ല- മമത വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്‍ഡിഎഫ് സഹായിയ്‌ക്കാന്‍ തയ്യാറായാല്‍ അത് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അങ്ങനെയായാല്‍ മമത ഇപ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയിരിക്കുന്ന തിരഞ്ഞെടുപ്പ് സഖ്യം ഉപേക്ഷിക്കുമെന്നാണ് പറയുന്നത്.
ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള സഖ്യം യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന് തിരിച്ചടിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ ഈ സഖ്യം തുടരുകയാണെങ്കില്‍ ബംഗാളില്‍ കയ്യില്‍ നിന്നും വിട്ടുപോയേയ്ക്കാനിടയുണ്ടെന്നും സിപിഎമ്മിന് ഭയമുണ്ട്.
അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണ ആവശ്യപ്പെട്ടാല്‍ അത് നല്‍കുക വഴി കോണ്‍ഗ്രസും തൃണമൂലുമായുള്ള ബന്ധം തകര്‍ക്കാമെന്ന് സിപിഎം കരുതിയേക്കാനിടയുണ്ട്.












Click it and Unblock the Notifications