ബംഗാള്‍ ജനത ഇടതിനെ കൈവിട്ടു
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിനുണ്ടായത് കനത്ത തിരിച്ചടി. കേരളത്തിലെ പരാജയത്തേക്കാള്‍ കനത്തതാണ് സിപിഎമ്മിന് ബംഗാളില്‍ നേരിടേണ്ടിവന്ന പരാജയം.
മുപ്പത്തേഴ് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനം സിപിഎമ്മിനെ ഇങ്ങനെ കയ്യൊഴിയുന്നത്. മൊത്തമുള്ള 42 സീറ്റില്‍ 27ലും തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന് ഷോക്കായി.
ഏഴ് ശതമാനം വോട്ടുകള്‍ അധികം നേടിയാണ് മമതയും കൂട്ടരും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ജയം ആവര്‍ത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇടതുപക്ഷം 15 സീറ്റുകളില്‍ ഒതുങ്ങി.
തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യത്തിന്റെ കരുത്തില്‍ കടപുഴകിയവരില്‍ പലരും പ്രമുഖ നേതാക്കളാണെന്ന കാര്യവും സിപിഎമ്മിന് ക്ഷീണമായി. രൂപ് ചന്ദ് പാല്‍, ഹനന്‍ മുല്ല, മുഹമ്മദ് സലീം, പ്രദീവ് തോപ്‌ദര്‍, അജോയ് ചക്രബര്‍ത്തി, സുജന്‍ ചക്രബര്‍ത്തി, സമ്യക് ലാഹിരി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം തൃണമൂല്‍ സഖ്യത്തിന് മുന്നില്‍ അടിപതറിപ്പോയി.
ബസുദേവ് ആചാര്യ, ഗുരുദാസ്‌ദാസ് ഗുപ്‌ത, രാംചന്ദ്ര ഡോം എന്നിവര്‍ മാത്രമാണ് ജയം കണ്ടവരിലെ പ്രമുഖര്‍. നന്ദിഗ്രാമിലും സിംഗൂരിലും മത്സരിച്ച ഇടത് നേതാക്കള്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. കൊല്‍ക്കത്തയുടെ അയല്‍ മണ്ഡലങ്ങള്‍ മിക്കതും മമതയും കൂട്ടരും തൂത്തുവാരിയപ്പോള്‍ ഗ്രാമീണമേഖലയിലാണ് സിപിഎമ്മിന് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.
ഗ്രാമീണ മേഖലയില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ തൃണമൂലിന് കഴിഞ്ഞിരുന്നുവെങ്കില്‍ ബംഗാളില്‍ സിപിഎം തോറ്റു തൊപ്പിയിടുമായിരുന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
സിപിഎമ്മിന് ഒമ്പത് സീറ്റ് മാത്രമാണ് ലഭിച്ചത്. രണ്ട് വീതം സീറ്റുകള്‍ നേടിയ സിപിഐ, ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരാണ് ശേഷിച്ച ആറെണ്ണം നേടിയത്. 1972ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ബംഗാളില്‍ സിപിഎം ഇത്രയേറെ പിന്നോട്ടു പോകുന്നത്.












Click it and Unblock the Notifications