അദ്വാനി പ്രതിപക്ഷ നേതാവായി തുടരും: ബിജെപി
ദില്ലി: ലോക്സഭയിലെ പ്രതിപക്ഷ നേതാവായി എല്‍കെ അദ്വാനി തുടരും. തിങ്കളാഴ്ച നടന്ന ബിജെപി പാര്‍ലമെന്ററി യോഗമാണ് പ്രതിപക്ഷ നേതാവായി അദ്വാനിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍
ബിജെപിയ്ക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കുകയാണെന്ന് അദ്വാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി രാജി സ്വീകരിച്ചിരുന്നില്ല.
തിങ്കളാഴ്ച നടന്ന യോഗത്തില്‍ നേതൃസ്ഥാനത്ത് തുടരണമെന്ന പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന അദ്വാനി സ്വീകരിയ്ക്കുകയായിരുന്നു. അദ്വാനി സജീവ രാഷ്ട്രീയം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നേതൃസ്ഥാനത്ത് തുടരുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം പുറത്തു വന്നിരിയ്ക്കുന്നത്.
പാര്‍ലമെന്ററി യോഗത്തില്‍ ബിജെപിയുടെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്തു. അതേ സമയം, പരാജയത്തെ തുടര്‍ന്ന് മുന്നണിയ്ക്കുള്ളില്‍ രൂപം കൊണ്ട ഭിന്നതയെ തുടര്‍ന്ന് തിങ്കളാഴ്ച നടക്കാനിരുന്ന എന്‍ഡിഎ യോഗം മാറ്റിവെച്ചു.












Click it and Unblock the Notifications