സംഘര്‍ഷമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധര്‍: ചാണ്ടി
തിരുവനന്തപുരം: ചെറിയതുറയില്‍ ഉണ്ടായത് സാമുദായിക സംഘര്‍ഷമല്ലെന്നും സാമൂഹ്യ വിരുദ്ധര്‍ നടത്തിയ സംഘര്‍ഷമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറിയ തുറയിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ സംഘര്‍ഷം അവസാനിപ്പിയ്‌ക്കാന്‍ ആഭ്യന്തര മന്ത്രിയെ കണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്‌ക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംഘര്‍ഷം ഉണ്ടാകാന്‍ കാരണം പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ചയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ഏതു രീതിയിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്‌ച ചെറിയതുറ-ബീമാപ്പളളി പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവെയ്‌പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലീം യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെയ്‌ക്കണമെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടു. അട്ടക്കുളങ്ങരയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.












Click it and Unblock the Notifications