കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയതുറയില്‍ സംഘര്‍ഷം; വെടിവെയ്പില്‍ 5 മരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ബീമാപളളി - ചെറിയതുറ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ് വെടിവെയ്പില്‍ അഞ്ച് പേര്‍ മരിച്ചു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. ബീമാപളളി ബുഷ്റാ മന്‍സിലില്‍ അഹമ്മദലി (45), ബീമാപള്ളി മില്‍ക്ക് കോളനിയില്‍ ബാദുഷ(35), ഷംസുന്നിസ മന്‍സിലില്‍ അബ്ദുള്‍ ഹക്കീം(28), ഹൈസ്കൂളിനു സമീപം താമസിക്കുന്ന സെയ്ദ് അലി(24), ഫിറോസ്(17) എന്നിവരാണു മരിച്ചത്.

ഗുണ്ടാപ്പിരിവിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനും പിന്നീട് പോലീസ് വെടിവെയ്പിനും ഇടയാക്കുകയായിരുന്നു.ശനിയാഴ്ച പ്രദേശത്തെ കൊമ്പ് ഷിബുവെന്ന ഗൂണ്ട ബീമാപളളിയിലെ ഒരു കടയില്‍ പിരിവ് ചോദിച്ചെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ കടയുടമയും നാട്ടുകാരും എതിര്‍ക്കുകയും ഇയാളെ വിരട്ടിയോടിക്കുകയും ചെയ്തു.

പിന്നീട് ഷിബുവിന്റെ നേതൃത്വത്തില്‍ ഒരു സംഘംആളുകള്‍ തിരിച്ചെത്തി ബീമാപളളിയില്‍ കടകള്‍ക്കു നേരേ ആക്രമണം നടത്തി. കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ചെത്തി ഇവരെ മര്‍ദിച്ചു. തുടര്‍ന്ന് രാത്രിയോടെ ബീമാപളളിയില്‍ നിന്ന് മറ്റൊരു സംഘം ചെറിയതുറയിലെത്തി വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു നാട്ടുകാര്‍ പറയുന്നു. വീടുകളും ബൈക്കും വളളങ്ങളും ഇവര്‍ കത്തിച്ചു.ശനിയാഴ്ച രാത്രി തന്നെ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പറഞ്ഞൊതുക്കിയെങ്കിലും ഞായറാഴ്ച രാവിലെ സ്ഥലത്ത് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഉച്ചയ്ക്കു രണ്ടരയോടെ ബീമാപളളിയില്‍ നിന്നുളള ഒരു സംഘം ചെറിയതുറ കടപ്പുറത്തെത്തി ഏതാനും വീടുകള്‍ കത്തിക്കുകയും ബോംബ് എറിയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ആകാശത്തേക്കു 17 റൗണ്ട് വെടിവയ്ക്കുകയും ചെയ്തു. ഇതിനിടെ പോലീസിന് നേരെയും ബോംബേറുമുണ്ടായി. പോലീസ് പലവട്ടം മുന്നറിയിപ്പ് നല്കിയിട്ടും ജനക്കൂട്ടം പിരഞ്ഞുപോകാന്‍ തയാറായില്ല. തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെ ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എപി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു വെടിവെയ്പ്.

പോലീസ് ഏകപക്ഷീയമായാണ് വെടിവെച്ചതെന്ന് ആരോപിച്ച് പ്രതിഷേധം പ്രകടിപ്പിച്ച ജനക്കൂട്ടം പിന്നെയും പിരിഞ്ഞു പോകാന്‍ തയാറായില്ല. ഇവരെ നേരിടാന്‍ പോലീസും തയാറെടുത്തതോടെ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ഇതിനിടെ വൈകിട്ട് അഞ്ച് മുതല്‍ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ആറു മണിയോടെ വി. സുരേന്ദ്രന്‍ പിള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ സഞ്ജയ് കൗള്‍, അഢീഷണല്‍ ഡിജിപി രാജീവന്‍, ബീമാപള്ളി ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ജനക്കൂട്ടം ശാന്തമായി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

ദില്ലിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സംഭവമറിഞ്ഞ് യോഗത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങി. ദ്രുത കര്‍മ്മ സേനയുടെ സേവനം ലഭ്യമാക്കാന്‍ കേന്ദ്രവുമായി ബന്ധപ്പെടാന്‍ ആഭ്യന്ത സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കിയ ശേഷമാണ് മന്ത്രി കേരളത്തിലേക്ക് തിരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് കളക്ടറേറ്റില്‍ ഇരുവിഭാഗങ്ങളുടെയും ചര്‍ച്ച നടക്കും.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്കുമെന്ന് ദില്ലിയില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X