വിഎസിന്റെ ചിരി വഞ്ചനയുടേതെന്ന് അഴീക്കോട്
കൊച്ചി: തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷമുള്ള വിഎസിന്റെ ചിരി വഞ്ചനയുടെ ചിരിയാണെന്ന് സുകുമാര്‍ അഴീക്കോട്.
അദ്ദേഹത്തിന് അംഗത്വമുള്ള പാര്‍ട്ടിയുടെ തോല്‍വി അദ്ദേഹത്തിന്റെ തോല്‍വി കൂടിയാണ്. വിഎസ് ഏതു പാര്‍ട്ടിയുടെ പ്രതിനിധിയായാണോ മുഖ്യമന്ത്രിയായത്, ആ പാര്‍ട്ടിയ്‌ക്ക് അപമാനകരമായ തോല്‍വി നേരിട്ടപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ദുഖമാണ് പ്രതീക്ഷിച്ചത്. അതില്ലാതെ ചിരിച്ചത് വഞ്ചനയാണ്. അടുത്തകാലത്തൊന്നും വിഎസ് ഇത്ര മനസ്സുതുറന്ന് ചിരിച്ചിട്ടില്ലെന്നും അഴീക്കോട് പറഞ്ഞു.
ഒന്നിച്ച് മുന്നേറേണ്ടവരും ഒന്നിച്ച് മരിയ്‌ക്കേണ്ടവരുമാണ് പാര്‍ട്ടിയിലെ ഓരോ അംഗവും. എന്നാല്‍ ഒരാള്‍ വീണു കിടക്കുമ്പോള്‍ മാറി നിന്ന് ചിരിയ്‌ക്കരുത്. ഇക്കാര്യത്തില്‍ മുഖ്യനല്ല, ആര്‍ക്കായാലും ഒരു സാദാചാരമുണ്ട്.
ജനങ്ങളെ മറക്കുകയും പാര്‍ട്ടിയാണ് ഏറ്റവും വലുത് എന്ന് കരുതിയതുമാണ് സിപിഎമ്മിനേറ്റ പരാജയത്തിന് കാരണം. പാര്‍ട്ടിയാണ് വരുതെന്ന ചിന്ത പകുതി ശരിയാണ്. വ്യക്തികളെക്കാള്‍ വലുതാണ് പാര്‍ട്ടി.
എന്നാല്‍ പാര്‍ട്ടിയാണ് ഏറ്റവും വലുതെന്ന് കരുതരുത്. ജനങ്ങളാണ് ഏറ്റവും വലുത്. നന്ദിഗ്രാമില്‍ സിപിഎമ്മിന് മനസിലാകാതെ പോയതും അതാണ്. ഇതിന്റെ ചെറുരൂപങ്ങളാണ് പ്ലാച്ചിമടയിലും മൂലമ്പള്ളിയിലും ഉള്ളത്.
കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും മോശക്കാരനാണ് പിണറായി വിജയനെന്ന് തന്നെക്കൊണ്ട് പറയിക്കുകയാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications