പ്രഭാകരനെപ്പറ്റി മിണ്ടാതെ ലങ്കയുടെ വിജയപ്രഖ്യാപനം
കൊളംബോ: എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മരണ വാര്‍ത്തകള്‍ പ്രചരിയ്‌ക്കുന്നതിനിടെ ശ്രീലങ്ക വിജയപ്രഖ്യാപനം നടത്തി. രാജ്യത്തെ തമിഴ് വംശജരെ സംരക്ഷിയ്‌ക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ കൊളംബോയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത് കൊണ്ട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന് ആഭ്യന്തരയുദ്ധം പരിസമാപ്‌തിയിലെത്തിയെന്നും എല്‍ടിടിഇ പരാജയപ്പെട്ടുവെന്നും രജപക്‌സെ വിജയപ്രഖ്യാപനത്തില്‍ പറഞ്ഞു.
പ്രഭാകരന്റെ മരണവാര്‍ത്ത പ്രസിഡന്റ് പാര്‍ലമെന്റില്‍ പ്രഖ്യാപിയ്‌ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എല്‍ടിടിഇയുടെ രക്തരൂക്ഷിത യുദ്ധത്തെ കുറ്റപ്പെടുത്തിക്കൊണ്ട് വികാരപരമായി നടത്തിയ പ്രസംഗത്തില്‍ പ്രഭാകരന്റെ പേര് പോലും പരാമര്‍ശിയ്‌ക്കാന്‍ രജപക്‌സെ തയാറായില്ല. പ്രഭാകരന്റെ മരണ വാര്‍ത്ത പുലി വക്താക്കള്‍ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ലങ്കന്‍ പ്രസിഡന്റ് ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിയ്‌ക്കുന്നതെന്ന് ശ്രദ്ധേയമാണ്.
ലങ്കന്‍ മണ്ണില്‍ നിന്നും എല്‍ടിടിഇയെ തുടച്ചു നീക്കിയെന്ന് രജപക്‌സെ പ്രസംഗത്തില്‍ വ്യക്തമാക്കി. തമിഴ് വംശജരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. അവരെ സംരക്ഷിയ്‌ക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. തമിഴര്‍ക്ക് രാജ്യത്ത് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജീവിയ്‌ക്കാം. എല്ലാവര്‍ക്കും തുല്യ അവകാശം നല്‌കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
തമിഴര്‍ക്കെതിരെയല്ല എല്‍ടിടിഇയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ പോരാട്ടം നടത്തിയതെന്ന് പ്രസംഗത്തില്‍ രജപക്‌സെ എടുത്തു പറഞ്ഞു. രാജീവ് ഗാന്ധിയുടെയും കാദിര്‍ഗാമയുടെയും പ്രേമദാസയുടെയും മരണത്തിന് ഉത്തരവാദി എല്‍ടിടിഇയാണെന്നും അദ്ദേഹം ആരോപിച്ചു.
എല്‍ടിടിഇയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളികളായ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ത്മിഴ് വംശജരെ അവരുടെ പ്രദേശങ്ങളില്‍ തന്നെ പുനധിവസിപ്പിയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications