ലാവലിന്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു: സിപിഐ
ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നും തിരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായെന്നും സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇടതു നേതാക്കള്‍ ധാര്‍ഷ്‌ഠ്യവും അഹങ്കാരവും വെടിയണമെന്നും തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നിര്‍ദ്ദേശിച്ചു.
ദില്ലിയിലെ സിപിഐ ആസ്ഥാനത്ത് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ നിര്‍വാഹക സമിതി യോഗങ്ങള്‍ ബംഗാള്‍, കേരളം എന്നിവിടങ്ങളിലേറ്റ പരാജയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്‌തത്. ദേശീയ വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനതലത്തിലെ പ്രശ്‌നങ്ങളും ഇടതുമുന്നണിയെ ബാധിച്ചുവെന്നും സിപിഐ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചു കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടി എബി ബര്‍ദാന്‍ പറഞ്ഞു.
കേരളത്തില്‍ പിഡിപി ബന്ധം പരാജയത്തിന് കാരണമായോ എന്ന കാര്യം സംസ്ഥാന കൗണ്‍സില്‍ പരിശോധിയ്‌ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും ബദലായി മൂന്നാം മുന്നണി സങ്കല്‌പം ശരിയായിരുന്നുവെങ്കിലും അത് ജനങ്ങളിലേക്കെത്തിയ്‌ക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്കായില്ല. യുപിഎയുടെ ജനോപകാരപ്രദ പദ്ധതികള്‍ക്ക് പിന്നിലുള്ള ഇടതുപാര്‍ട്ടികളുടെ പങ്കിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിയ്‌ക്കാന്‍ കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.












Click it and Unblock the Notifications