സന്തോഷ് മാധവന് 16 വര്‍ഷം തടവ്
കൊച്ചി: സ്‌ത്രീപീഡനക്കേസുകളില്‍ സന്തോഷ് മാധവന് 16 വര്‍ഷം കഠിനതടവ് വിധിച്ചു. തടവിനുപുറമേ 2,20,000 രൂപ പിഴയടക്കാനും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.
ഇതില്‍ രണ്ടുലക്ഷം രൂപ കേസില്‍ പീഡനത്തിന് ഇരയാകുകയും സന്തോഷ് മാധവനെതിരെ ആദ്യാവസാനം കൂറുമാറാതെ നിന്ന പെണ്‍കുട്ടിക്ക് നല്കാനും കോടതി ഉത്തരവിട്ടു. പതിനഞ്ചും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രണ്ട് കേസുകളിലായി 8 വര്‍ഷം വീതം തടവാണ് വിധിച്ചത്. രണ്ട് ശിക്ഷകളും വെവ്വേറെ അനുഭവിയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള മാനഭംഗക്കേസുകളില്‍ രണ്ടെണ്ണം തെളിഞ്ഞതായും പ്രതി കുറ്റക്കാരനാണെന്നും ചൊവ്വാഴ്‌ച അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ഹരിലാല്‍ കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീയേയും സന്തോഷ് മാധവന്‍ മാനഭംഗപ്പെടുത്തിയെന്നാണ് പോലീസ് കേസ്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും സ്‌ത്രീയും കൂറുമാറിയിരുന്നു. എന്നാല്‍ കൂറുമാറിയ പെണ്‍കുട്ടികളിലൊരാളെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ച സി.ഡി. തെളിവായി സ്വീകരിച്ചാണ് രണ്ടുകേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.
വിധി പ്രഖ്യാപിച്ചതിന് രാഷ്ട്രീയകാരണങ്ങളുള്ളതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കരുതെന്ന് സന്തോഷ് മാധവന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സന്തോഷ് മാധവനെ പോലീസ് അറസ്റ്റു ചെയ്തത്. സന്തോഷ് മാധവനെതിരെയുള്ള ഭൂമിമാഫിയ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.












Click it and Unblock the Notifications