100 വിഐപികളുടെ സുരക്ഷ വെട്ടിക്കുറയ്‌ക്കുന്നു
ദില്ലി: ഇല്ലാത്ത ഭീഷണിയുടെ പേരില്‍ സുരക്ഷാ സേനയുടെ സംരക്ഷണം അനുഭവിച്ചിരുന്നവരുടെ സുരക്ഷാ സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ദില്ലിയിലെ മുന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന നൂറിലേറെ വിഐപികളുടെ സുരക്ഷയാണ് കര്‍ശന പരിശോധനയിലൂടെ വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി പി ചിദംബരം അടുത്ത ദിവസം തന്നെ പരിഗണിയ്‌ക്കും.
മുന്‍ ആഭ്യന്തരമന്ത്രി ശിവാരാജ് പാട്ടീല്‍, മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍സിങ് എന്നിവരുടെ സുരക്ഷാ സംവിധാനങ്ങള്‍ വെട്ടിക്കുറയ്‌ക്കും. മന്ത്രിപദം പോയെങ്കിലും ഇരുവര്‍ക്കും ഇപ്പോഴും വിവിഐപികള്‍ക്കു നല്‍കുന്ന സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്.
ദില്ലി പൊലീസ് മുന്‍ കമ്മീഷണര്‍ കെ.കെ പോള്‍, മുന്‍ ആഭ്യന്തര സെക്രട്ടറി വി.കെ ദുഗ്ഗല്‍, റോ മുന്‍ തലവന്‍ അശോക് ചതുര്‍വേദി, സിബിഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഉന്നതന്മാരുടെ സുരക്ഷ വെട്ടിക്കുറയ്‌ക്കാനാണ് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
പലരും ഇല്ലാത്ത ഭീഷണിയുടെ പേരിലാണ് കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ കഴിയുന്നതെന്നും യഥാര്‍ത്ഥത്തില്‍ ഇതൊരു അഭിമാനപ്രശ്‌നമായാണ് വിഐപികള്‍ കണക്കാക്കുന്നതെന്നുമാണ് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്.
സുരക്ഷായുടെ സംരക്ഷണം അനാവശ്യമായി അനുഭവിക്കുന്ന മുന്നൂറ്റമ്പതോളം പേര്‍ ദില്ലിയില്‍ മാത്രമുണ്ടെന്നാണ് കണക്ക്. തനിക്ക് കനത്ത സുരക്ഷയുടെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം മന്ത്രി സഭയുടെ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications